സുരക്ഷ പാലിക്കാത്ത ഡ്രൈവർമാരെ അയോഗ്യരാക്കണം: ഹൈക്കോടതി
Saturday, May 21, 2022 1:31 AM IST
കൊച്ചി: നിയമപ്രകാരമുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുത്ത് അവരെ അയോഗ്യരാക്കണമെന്ന് ഹൈക്കോടതി.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും ഇതിനായി നടപടി സ്വീകരിക്കാനാകുമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രൻ പറഞ്ഞു.
പാലക്കാട് അടയ്ക്കാപുത്തൂരിലെ ശബരി പിടിബി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂൾ വാഹനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നിര്‍ദേശം.
മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍പോലും പാലിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. വാഹനങ്ങളില്‍ ലൈറ്റുകളും നമ്പര്‍ പ്ലേറ്റുകളും നിയമപരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാര്‍ ചിഹ്നവും ബോര്‍ഡുകളും കൊടിയും അനധികൃതമായി ഘടിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂണ്‍ 15നു വീണ്ടും പരിഗണിക്കും.