എൽഎൽബി പരീക്ഷയിൽ കോപ്പിയടി: പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
Friday, May 20, 2022 2:15 AM IST
തിരുവനന്തപുരം: എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ചതിനു പിടിയിലായ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് സീനിയർ ലോ ഇൻസ്പെക്ടർ ആദർശിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.
പരീക്ഷയിൽ കോപ്പിയടിച്ചതായി സ്ഥിരീകരിച്ച് വകുപ്പുതലത്തിൽ അന്വേഷണം നടത്തിയ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ആദർശിനെതിരായ വകുപ്പുതല അന്വേഷണം തുടരും.
ലോ അക്കാദമി ലോ കോളജിലെ സായാഹ്ന ബാച്ച് എൽഎൽബി വിദ്യാർഥിയായ ആദർശ് ഇന്റർനാഷണൽ ലോ പേപ്പറിനിടെയാണ് കോപ്പിയടിച്ചതിന് പിടിയിലായത്. കോപ്പിയടിക്കാൻ ഉപയോഗിച്ച പുസ്തകവും സർവകലാശാലയുടെ പരിശോധക സംഘം ഇദ്ദേഹത്തിൽ നിന്നു പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജി ജോണ്കുട്ടിയെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ചുമതലപ്പെടുത്തി. ആദർശിന്റെ പെരുമാറ്റം പോലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കിയതായും സേനാംഗത്തിന് ചേരാത്ത തരത്തിലുള്ള നടപടിയാണ് ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കോപ്പിയടിച്ചതിന് ആദർശ് പിടിയിലായതിന് പിന്നാലെ കേരള സർവകലാശാല പരീക്ഷാ കണ്ട്രോളർ, ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ എന്നിവർ അടക്കമുള്ളവരിൽനിന്നു പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് തേടിയിരുന്നു. എൽഎൽബി പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട് ആദർശ് ഉൾപ്പെടെ നാലുപേരെയാണ് അന്നു പിടികൂടിയത്.