ദേവാലയങ്ങൾക്കു നേരെ ആക്രമണം: സീറോ മലബാർ മാതൃവേദി പ്രതിഷേധിച്ചു
Friday, January 28, 2022 1:26 AM IST
കൊച്ചി: ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായി പലയിടങ്ങളിലും നടക്കുന്ന അക്രമങ്ങളിലും വ്യാജപ്രചരണങ്ങളിലും അന്തർദേശീയ സീറോ മലബാർ മാതൃവേദി ഉത്കണ്ഠ രേഖപ്പെടുത്തി.
രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയ കപ്പേളയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും തകർത്ത സംഭവം അപലപനീയമാണ്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ല. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ തടയാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നു അന്തർദേശീയ സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ആനിമേറ്റർ സിസ്റ്റർ ടെസ, റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോസഫ്, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.