അപൂര്‍വരോഗം ബാധിച്ചവരുടെ ചികിത്സ: നടപടികള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
Tuesday, January 25, 2022 2:08 AM IST
കൊച്ചി: അപൂര്‍വരോഗം ബാധിച്ചവരുടെ ചികിത്സ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം ബാധിച്ച മകനു ചികിത്സാസഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റേതാണ് ഉത്തരവ്.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം ബാധിച്ച കുട്ടികളെ കണ്ടെത്തി സര്‍ക്കാര്‍ ചികിത്സാ സൗകര്യമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ രോഗം ബാധിച്ച രണ്ടു കുട്ടികള്‍ക്കു വേണ്ടി എംഎല്‍എമാരായ എം. വിജിന്, മഞ്ഞളാംകുഴി അലി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുക ഇത്തരം കുട്ടികള്‍ക്ക് മരുന്നു വാങ്ങാനായി ഉപയോഗിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.