ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ച് യുവതി മരിച്ചു
Monday, September 27, 2021 11:35 PM IST
വൈക്കം: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസി ലുണ്ടായിരുന്ന യുവതി മരിച്ചു.
മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്പതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. തലയോലപറന്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി വടയാർ കോരിക്കൽ തണ്ണിക്കുഴി നികർത്തിൽ സനീഷിന്റെ ഭാര്യ സനജ(35)യാണു മരിച്ചത്.
ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തുചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ സനജയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .
വാഹന ഗതാഗതം നിലച്ചതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ വൈക്കത്തുനിന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. സനജയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ആദിത്യൻ, അയന (ഇരുവരും വിദ്യാർഥികൾ) വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.