പ്രതിപക്ഷ നേതൃസ്ഥാനം ഹൈക്കമാൻഡ് തീരുമാനിക്കും
Wednesday, May 19, 2021 2:14 AM IST
തിരുവനന്തപുരം: കേരളത്തിൽ പ്രതിപക്ഷ നേതാവായി ആരു വരണമെന്നു കോണ്ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. പ്രതിപക്ഷ നേതൃസ്ഥാനത്തു രമേശ് ചെന്നിത്തല തുടരണമെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾക്കു മുന്നിൽ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചപ്പോൾ, പിണറായി സർക്കാരിനെ പ്രതിരോധിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ നേതൃത്വം വേണമെന്നായിരുന്നു ഐ ഗ്രൂപ്പിലെ തന്നെ മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. എ ഗ്രൂപ്പ് എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചു.
ഇന്നലെ ഹൈക്കമാൻഡ് പ്രതിനിധികൾ കോണ്ഗ്രസ് എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം ആരാഞ്ഞിരുന്നു. കൂടിക്കാഴ്ചയിൽ ഏകാഭിപ്രായം ഉയരാത്ത സാഹചര്യത്തിലാണ് അന്തിമ തീരുമാനം കോണ്ഗ്രസ് അധ്യക്ഷയ്ക്കു വിടാൻ തീരുമാനിച്ചത്. പിന്നീട് ഹൈക്കമാൻഡ് പ്രതിനിധികളുടെ നേതൃത്വത്തിൽ കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗം ചേർന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന പ്രമേയം പാസാക്കി. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുന ഖാർഗെയും വി. വൈദ്യലിംഗവുമാണു പങ്കെടുത്തത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി എംഎൽഎമാരെ ഇന്നലെ രാവിലെ ഇരുവരും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടി. കൂടാതെ എംപിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരെയും കണ്ടു. ഭൂരിഭാഗം എംഎൽഎമാരും നിയമസഭാകക്ഷി നേതാവായി രമേശ് ചെന്നിത്തല തുടരണമെന്ന അഭിപ്രായമാണ് കേന്ദ്രനേതാക്കളെ അറിയിച്ചതെന്നാണ് രമേശിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അറിയിച്ചു. നേതൃമാറ്റം വേണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചതായി വി.ഡി. സതീശൻ പക്ഷവും പറയുന്നു.
നിയമസഭാകക്ഷി നേതാവായി രമേശ് ചെന്നിത്തല തുടരാനായിരുന്നു ധാരണ. എന്നാൽ, ഗ്രൂപ്പിന്റെ പ്രതിനിധിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എതിർപ്പ് അറിയിച്ചു.