കോവിഡ്: നിയന്ത്രണം ഇന്നുമുതൽ മുഖ്യമന്ത്രി ഏറ്റെടുക്കും
Wednesday, April 21, 2021 12:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാനുള്ള ഉദ്യോഗസ്ഥ തല നടപടികളിൽ സർക്കാരിന് അതൃപ്തി. ഇന്നു തലസ്ഥാനത്തു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കും. വൈകുന്നേരം മാധ്യമങ്ങളെ കാണുന്നതും ആലോചിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രികാലങ്ങളിൽ കർഫ്യു ഏർപ്പെടുത്താൻ സർക്കാർ നിർദേശിച്ചിരുന്നില്ല. രാത്രികാല നിയന്ത്രണം മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ, ഇക്കാര്യം മാധ്യമങ്ങൾക്കു നൽകിയപ്പോൾ രാത്രികാല കർഫ്യു എന്നാണ് അറിയിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ മന്ത്രിസഭ ചേർന്ന് ചർച്ച ചെയ്തായിരുന്നു നടപ്പാക്കേണ്ടിയിരുന്നതെന്ന അഭിപ്രായം ചില ഇടതുപക്ഷ കക്ഷികൾക്കും മന്ത്രിമാർക്കുമുണ്ട്. മുഖ്യമന്ത്രിയും ചില മന്ത്രിമാരും കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നെങ്കിലും സാധാരണയായി നടക്കുന്ന ഓണ്ലൈൻ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കുന്നതിനു തടസമില്ലായിരുന്നു.
പോലീസിന്റെ നടപടികളും ഏറെ വിമർശനങ്ങൾക്കു വിധേയമായി. രാത്രി ഒൻപതു വരെ പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ രാത്രി ഏഴു വരെ മാത്രമേ പ്രവർത്തിക്കേണ്ടതുള്ളുവെന്നു പ്രഖ്യാപിച്ച തിരുവനന്തപുരം ഡിസിപിയുടെ നടപടിക്കെതിരേ ചീഫ് സെക്രട്ടറിക്കു തന്നെ രംഗത്തു വരേണ്ടിവന്നു.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും 100 നിയമലംഘനങ്ങൾ വീതം കണ്ടെത്തി പിഴ ഈടാക്കാനുള്ള പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് കടുത്ത നടപടികൾ സ്വീകരിക്കുന്നതായും പരാതിയുണ്ട്. വിവിധ ജില്ലകളിൽ കളക്ടർമാർ ജനങ്ങളെ വലയ്ക്കുന്ന വ്യത്യസ്ത ഉത്തരവുകൾ ഇറക്കിയതും സർക്കാരിന്റെ അതൃപ്തിക്കിടയാക്കി.