മൻസൂർ വധം: ഒരാൾകൂടി പിടിയിൽ
Wednesday, April 14, 2021 12:49 AM IST
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിലായി. പുല്ലൂക്കര എരിക്കൻതൊടി വീട്ടിൽ വിജേഷ് (37) ആണ് അറസ്റ്റിലായത്.
കൊലപാതക സംഘത്തിനു സഹായം നൽകിയ ഇയാളുടെ ബൈക്ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സംഭവസ്ഥലത്ത് വച്ചു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച ഷിനോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തേ മുഖ്യപ്രതി അനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുല്ലൂക്കര സൗപർണികയിൽ അശ്വന്ത്, പുല്ലൂക്കര ദേവീകൃഷ്ണയിൽ ശ്രീരാഗ് എന്നിവർ പിടിയിലാകുന്നത്.