കോവിഡ് ഭീഷണി മാറിയിട്ടില്ല, മൂന്നാം വരവ് അത്യന്തം അപകടകരം: സിഎസ്ഐആര്‍
Monday, March 1, 2021 12:58 AM IST
തിരുവനന്തപുരം: കോവിഡ്-19 പ്രതിസന്ധി അവസാനിച്ചുവെന്നോ ഇന്ത്യ സമൂഹ പ്രതിരോധം കൈവരിച്ചുവെന്നോ ഒരിക്കലും കരുതരുതെന്നും ജാഗ്രത കൈവിട്ടാല്‍ മൂന്നാം വരവ് അതിരൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ശാസ്ത്ര, വ്യവസായ, ഗവേഷണ കൗണ്‍സില്‍ (സിഎസ്ഐആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മണ്ഡെ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാലാവസ്ഥാ മാറ്റം, പരമ്പരാഗത ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ സൃഷ്ടിക്കുന്ന കൊടുംവിപത്തുകളെ നേരിടാനും ഈ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പശ്ചാത്തലത്തില്‍ കോവിഡ്-19 നോടുള്ള ഇന്ത്യയുടെ പ്രതികരണം’ എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര പ്രഭാഷണ പരമ്പരയില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു ഡോ. മണ്ഡെ.
വാക്സിനുകള്‍ കോവിഡിനെതിരെ ഫലപ്രദമാണ്. പക്ഷേ വകഭേദം വന്ന വൈറസുകളെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടാന്‍ വാക്സിനുകള്‍ക്ക് കഴിയില്ല എന്ന കാര്യത്തില്‍ തെളിവില്ല. വകഭേദം സംഭവിക്കുന്നത് വൈറസില്‍ എവിടെയെങ്കിലുമായിരിക്കും. വൈറസിനെ ആകമാനം നേരിടാന്‍ വാക്സിനുകള്‍ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.