വാഹനാപകടത്തിൽ സിഎസ്ടി പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേറ്റർ മരിച്ചു
Sunday, February 28, 2021 12:09 AM IST
അങ്കമാലി: തെലങ്കാനയിലുണ്ടായ വാഹനാപകടത്തിൽ സിഎസ്ടി സഭയുടെ തൃക്കാക്കര സേക്രട്ട് ഹാർട്ട് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേറ്റർ മരിച്ചു. ബ്രദർ ജോസ് പുതിയേടത്ത് (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. സഭയുടെ ആന്ധ്രാപ്രദേശിലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാൻ പോയ ബ്രദർ തിരിച്ചു നാട്ടിലേക്കു മടങ്ങുന്നതിനായി ഹൈദരാബാദ് എയർപോർട്ടിലേക്കു പോകുന്പോഴായിരുന്നു സംഭവം. ബ്രദർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബ്രദറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഒപ്പമുണ്ടായിരുന്ന സഭയുടെ നാല് ബ്രദർമാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബ്രദർ ജോസ് പുതിയേടത്ത് 1980ൽ സഭയിൽ ആദ്യവ്രതവും 1987ൽ നിത്യവ്രതവും അനുഷ്ഠിച്ചു.
പാലക്കാട് മണ്ണാർക്കാട് പാലക്കയം ഇരുന്പുമുട്ടി പുതിയേടത്ത് പരേതരായ പി.സി. കുര്യാക്കോസ്- അന്നമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ചാക്കോ, തോമസ്, മേരിക്കുട്ടി. സംസ്കാരം പിന്നീട് സഭയുടെ മാതൃഭവനമായ മൂക്കന്നൂർ ചെറുപുഷ്പാശ്രമ ദേവാലയത്തിൽ നടക്കും.