വാതിൽപ്പടി സേവനങ്ങളുമായി കെഎസ്ഇബി; 1912-ൽ രജിസ്റ്റർ ചെയ്താൽ സേവനങ്ങൾ വീട്ടിലെത്തും
Tuesday, January 26, 2021 12:42 AM IST
തിരുവനന്തപുരം: ഫോണിൽ വിളിച്ച 1912-ൽ രജിസ്റ്റർ ചെയ്താൽ സേവനങ്ങളുമായി വൈദ്യുതി ബോർഡ് വീട്ടിലെത്തും. പുതിയ കണക്ഷൻ, കണക്ഷന്റെ ഉടമസ്ഥാവകാശ മാറ്റം, ലോഡ, താരിഫ് എന്നിവയുടെ മാറ്റം, വൈദ്യുതി ലൈൻ, മീറ്റർ മാറ്റൽ എന്നിവയ്ക്ക് ഫോണിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. വൈദ്യുതി ബോർഡ് സർവീസ് അറ്റ് ഡോർസ്റ്റെപ്പ് (വാതിൽപടി സേവനം) നടപ്പാക്കുന്നതോടെയാണ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തുന്നത്.
രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് അസിസ്റ്റന്റ് എൻജിനിയർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ ഫോണ്‍ വഴി വിവരശേഖരണം നടത്തും. പിന്നീട് ആവശ്യമായ രേഖകളുടെ വിവരം അറിയിക്കും. വീട്ടിലെത്തുന്ന ഉദ്യോഗസ്ഥൻ അപേക്ഷ പൂരിപ്പിച്ചുവാങ്ങും. അടയ്ക്കേണ്ട തുക ഓണ്‍ ലൈനായി അടച്ചശേഷം സേവനം നൽകും.
ഫെബ്രുവരി ഒന്നുമുതൽ തെരഞ്ഞെടുത്ത 100 സെക്ഷൻ ഓഫീസുകളിലെ ഗാർഹിക ഉപയോക്താക്കൾക്ക് പദ്ധതി നടപ്പാക്കും. സെക്ഷൻ ഓഫീസുകളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. പാലക്കാട് ഇലട്രിക്കൽ സെക്ഷനിലെ 39 സെക്ഷൻ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു.