മെഡി. കോളജ് ഡോക്ടർമാർ സമരത്തിലേക്ക്; 29ന് സൂചനാ പണിമുടക്ക്
Sunday, January 24, 2021 12:55 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളകുടിശിക നല്കാത്തതിൽ പ്രതിഷേധിച്ചു വിവിധ സമരപരിപാടികൾ നടത്തുവാൻ കെജിഎംസിടിഎ സംസ്ഥാനസമിതി തീരുമാനിച്ചു.
നാളെ എല്ലാ മെഡിക്കൽ കോളജുകൾക്ക് മുൻപിലും ഡി എം ഇ ഓഫീസിനു മുൻപിലും രാവിലെ 11 മണിക്ക് പ്രതിഷേധധർണ നടത്തും.
29ന് രാവിലെ എട്ടു മുതൽ 11 വരെ സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളജുകളിലും നടത്തും. സൂചന പണിമുടക്ക് സമയത്തിൽ ഒപികളും ഇലെക്ടീവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഫെബ്രുവരി ഒമ്പതു മുതൽ അനിശ്ചിതകാലസമരം നടത്തുവാൻ തീരുമാനിച്ചതായി കെജിഎംസിടിഎ സംസ്ഥാനസമിതി അറിയിച്ചു.