വാഹനാപകടത്തിൽ ഡോക്ടർ മരിച്ച സംഭവം : 1.90 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Friday, November 27, 2020 3:02 AM IST
ഒറ്റപ്പാലം: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച സംഭവത്തിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നല്കാൻ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) വിധി. തൃശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്.
ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരി മുതലുള്ള എട്ടു ശതമാനം പലിശയും കോടതിച്ചെലവുമടക്കം നൽകാനും വിധിയിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപയാണ് നൽകേണ്ടിവരിക. ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2017 ഒക്ടോബർ ഏഴിന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിനു സമീപത്ത് നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം. അപകടത്തിൽ നവീൻകുമാർ മരിച്ചു. ഭാര്യ ഡോ. കെ. ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്കു പരിക്കേറ്റു. പാലക്കാട് മെഡിക്കൽ കോളജ് അസി.പ്രഫസറായിരുന്നു നവീൻകുമാർ.