സർക്കാർ ഗ്രാന്റ് തടഞ്ഞുവച്ചെന്ന ഹർജി: പ്രിന്‍സിപ്പലിനെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
Wednesday, November 25, 2020 11:24 PM IST
കൊച്ചി: പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റ് തടഞ്ഞു വയ്ക്കുന്നെന്ന ഹര്‍ജിയില്‍ നേരിട്ടു ഹാജരാകാനുള്ള ഉത്തരവു പാലിക്കാതിരുന്ന തിരുവനന്തപുരം വട്ടപ്പാറയിലെ എസ്യുടി അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍, സിഇഒ, ഡീന്‍ എന്നിവര്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഇവര്‍ക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കിയെന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്താല്‍ 50,000 രൂപ വീതമുള്ള ബോണ്ടുകളുടെ അടിസ്ഥാനത്തില്‍ മൂവര്‍ക്കും ജാമ്യം നല്‍കണമെന്നും ഇവര്‍ 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഡോ. അമൃത നല്കിയ ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.