നെഞ്ചുവേദന: ആൻജിയോഗ്രാമിന് സമ്മതിച്ചില്ല, സ്വപ്ന വീണ്ടും ജയിലിൽ
Wednesday, September 16, 2020 12:49 AM IST
തൃശൂർ: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൻജിയോഗ്രാം നടത്താൻ വിസമ്മതിച്ചു. വൈകുന്നേരം അഞ്ചോടെ അവരെ വിയ്യൂർ ജയിലിലേക്കു കൊണ്ടുപോയി. നെഞ്ചുവേദനയെ തുടർന്ന് രണ്ടു ദിവസം മുന്പാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ആൻജിയോഗ്രാമിനു തയാറല്ലെന്നു സ്വപ്ന അറിയിച്ചു. ഇതു രേഖാമൂലം എഴുതി നൽകുകയും ചെയ്തു.
നെഞ്ചുവേദന അനുഭവപ്പെട്ട സ്വപ്ന കഴിഞ്ഞയാഴ്ച ആറുദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അടിക്കടി നെഞ്ചുവേദനയെന്ന് പറയുന്ന സാഹചര്യത്തിൽ എക്കോ ടെസ്റ്റ് നടത്തിയെങ്കിലും കുഴപ്പം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീടാണ് ആൻജിയോഗ്രാം ടെസ്റ്റ് നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്.
എൻഡോസ്കോപ്പിക്കു വിധേയനായ കേസിലെ മറ്റൊരു പ്രതി കെ.ടി. റമീസിനു കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്കു മാറ്റി. ദേഹാസ്വാസ്ഥ്യവും വയറുവേദനയുമെന്നു പറഞ്ഞ് റമീസും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.