സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനം
Friday, August 7, 2020 1:07 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടെന്നും മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ. മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്കു പരിചയമുണ്ടായിരുന്നെന്നും യുഎഇ കോണ്‍സലേറ്റിൽ അവർക്കു നിര്‍ണായക സ്വാധീനമുണ്ടെന്നും സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എന്‍ഐഎ കോടതിയിൽ വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസിലെ ഗൂഢാലോചനയില്‍ സ്വപ്നയ്ക്കു കൃത്യമായ പങ്കുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു നിരവധി വാദപ്രതിവാദങ്ങളാണ് എന്‍ഐഎ കോടതിയില്‍ നടക്കുന്നത്. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്.
കള്ളക്കടത്തിനെപ്പറ്റി സ്വപ്നയ്ക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായിട്ടും സ്വപ്നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. എം. ശിവശങ്കറാണു സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. വിദേശത്ത് ഉള്‍പ്പെടെ ഇവര്‍ക്കു സ്വാധീനം ഉണ്ടായിരുന്നു.
ഓരോ തവണയും സ്വര്‍ണം കടത്തുന്പോഴും ഇവര്‍ക്ക് 50,000 രൂപ വീതം ലഭിച്ചിരുന്നു.
വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചപ്പോള്‍ സ്വാധീനം ഉപയോഗിച്ചു പിടിച്ചെടുത്ത ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണം വിട്ടുകിട്ടാനും കള്ളക്കടത്ത് വസ്തു തിരിച്ചയയ്ക്കാനും സ്വപ്ന ശ്രമം നടത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിട്ട് കാര്യം നടക്കാതെ വന്നതോടെ സ്വര്‍ണം വിട്ടുകിട്ടുന്നതിന് സ്വപ്ന ശിവശങ്കരന്റെ ഫ്ളാറ്റില്‍ എത്തി സഹായം അഭ്യര്‍ഥിച്ചെങ്കിലും ശിവശങ്കരന് വഴങ്ങിയില്ലെന്നും എന്‍ഐഎ വാദിച്ചു.
പ്രതിമാസം 1,000 ഡോളര്‍ പ്രതിഫലം
കൊച്ചി: യുഎഇ കോണ്‍സലേറ്റിൽ നിന്നു രാജിവച്ച ശേഷവും സ്വപ്നയ്ക്കു പ്രതിമാസം 1000 ഡോളര്‍ പ്രതിഫലം കിട്ടിയിരുന്നുവെന്ന് എൻഐഎ കോടതി യിൽ പറഞ്ഞു.
അതേസമയം, സന്പൂര്‍ണ കേസ് ഡയറി എന്‍ഐഎ ഹാജരാക്കിയിട്ടില്ലെന്നു സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു. അപൂര്‍ണ കേസ് ഡയറി സമര്‍പ്പിച്ചു കേസ് അട്ടിമറിക്കാന്‍ എന്‍ഐഎ ശ്രമിക്കുകയാണ്. കാഷ്മീർ റിക്രൂട്ട്മെന്റ് കേസില്‍പ്പോലും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായിട്ടില്ല. ഈ കേസില്‍ അദ്ദേഹം ഹാജരായതില്‍ നിന്നുതന്നെ എന്‍ഐഎയ്ക്ക് സ്ഥാപിത താത്പര്യമുണ്ടെന്നു വ്യക്തമാണ്. സാന്പത്തിക കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, സ്വര്‍ണക്കടത്തിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം എന്‍ഐഎ ഉന്നയിച്ചു. യുഎഇയിലേക്ക് സ്വര്‍ണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്നു സംശയമുണ്ട്. മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു.
സ്വപ്നയുടെ കൈവശമുള്ള സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാന്‍ സ്വപ്നയുടെ വിവാഹ ഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹച്ചടങ്ങുകളില്‍ സ്വപ്ന അഞ്ചു കിലോ സ്വര്‍ണാഭാരണങ്ങള്‍ ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.