ജലാലിന്റെ കാറിൽ രഹസ്യ അറ
Wednesday, July 15, 2020 12:44 AM IST
കൊച്ചി: തിരുവനന്തപുരത്തുനിന്നു സ്വര്‍ണം കടത്തിയെന്നു കരുതുന്ന ജലാലിന്റെ എറ്റിയോസ് കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചു വിശദമായ പരിശോധന നടത്തി. സ്വര്‍ണം ഒളിപ്പിക്കാന്‍ ഇതില്‍ രഹസ്യ അറ കണ്ടെത്തിയിട്ടുണ്ട്. കാറിനു മുന്നിലെ ഇടതുവശത്തെ സീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. സീറ്റ് രണ്ടായി പിളര്‍ത്തി മാറ്റാന്‍ കഴിയും വിധമാണു ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരന് പ്രതിയായ കേസിലും നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലും മുഖ്യകണ്ണിയായി സംശയിക്കുന്നയാളാണ് ജലാല്‍.
മുംബൈ, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലൂടെയും സ്വര്‍ണക്കടത്ത് നടത്താന്‍ ജലാല്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. റമീസുമായി ഏതെല്ലാം തരത്തില്‍ ഇയാള്‍ ബന്ധപ്പെട്ടിരുന്നെന്നു പരിശോധിച്ചു വരികയാണ്.