416 പേർക്ക് കോവിഡ് ; സന്പർക്കം 204
Saturday, July 11, 2020 1:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 416 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവരിൽ 204 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. പ്രതിദിന രോഗബാധിതരുടെയും സന്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെയും ഏറ്റവും ഉയർന്ന എണ്ണമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 129 പേർക്കു രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ നില ആശങ്കപ്പെടുത്തുന്നതാണ്. ഇവരിൽ 105 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതിവ്യാപനം നടന്നെന്നു സംശയിക്കുന്ന തിരുവനന്തപുരം പൂന്തുറയിൽ ഇന്നലെ ഒരാൾ മരിച്ചു. സൈഫുദ്ദീൻ (63 ) ആണ് മരിച്ചത്. മറ്റ് അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. ഇയാളുടെ മകനു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 123 പേർ വിദേശത്തു നിന്നും 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 112 പേരാണ് ഇന്നലെ രോഗമുക്തരായത്. കേരളത്തിൽ ഇതുവരെ 6950 പേർക്കാണു കോവിഡ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ 11,693 സാന്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,84,112 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 472 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 193 ഹോട്ട്സ്പോട്ടുകളുണ്ട്.
സന്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ നിരക്ക് വർധിച്ചു വരികയാണ്. ഇത് അപകടകരമായ സൂചനയാണ്.