ഹണി ട്രാപ്പ്: വ്യാപാരിയിൽനിന്നു പണം തട്ടിയ അഭിഭാഷകനടക്കം നാലുപേർ പിടിയിൽ
Saturday, July 4, 2020 2:11 AM IST
അടിമാലി: ഹണിട്രാപ്പ് മോഡലിൽ അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി 1,30,000 രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകനും ഒരു സ്ത്രീയുമുൾപ്പെടെ നാലു പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
അടിമാലി കത്തിപ്പാറ സ്വദേശിനി ലതാദേവി(32), അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളിൽ ബെന്നി മാത്യു(56), അടിമാലി പടികപ്പ് സ്വദേശികളായ ചവറ്റുകുഴിയിൽ ഷൈജൻ (43), മുഹമ്മദെന്നു വിളിക്കുന്ന തട്ടായത്ത് വീട്ടിൽ ഷമീർ (38) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന വിവരമിങ്ങനെ: കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയിൽ സ്ഥലക്കച്ചവട ബ്രോക്കർ എന്ന നിലയിൽ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്. തുടർന്ന് റിട്ട.ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയ ഒരാൾ പരാതിക്കാരന്റെ ഫോണിൽ വിളിച്ച് ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ച് പോലീസിൽ പരാതി നൽകുമെന്നും ഇതൊഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. കേസിലെ രണ്ടാം പ്രതിയായ അഡ്വ. ബെന്നി മാത്യുവിന്റെ പക്കൽ പണം ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച വ്യാപാരി എഴുപതിനായിരം രൂപ ബെന്നി മാത്യുവിന്റെ ഓഫീസിൽ എത്തിച്ചു. പണം കൈപ്പറ്റിയ ഇദ്ദേഹം ഒരു ലക്ഷവും ഒന്നരലക്ഷവും തുക രേഖപ്പെടുത്തിയ രണ്ടു ചെക്കുകൾ പരാതിക്കാരനിൽനിന്ന് ഒപ്പിട്ട് വാങ്ങുകയും ചെയ്തു.
ദിവസങ്ങൾക്കു ശേഷം കേസിലെ നാലാംപ്രതി ഷമീർ പരാതിക്കാരനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൂടി ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏൽപ്പിച്ചു. ഇതിനു പുറമെ കേസിലെ മൂന്നാം പ്രതിയായ ഷൈജൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തി 60,000 രൂപയും തട്ടിയെടുത്തു. നൽകിയ പണത്തിനു പുറമെ കൂടുതൽ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നാലംഗസംഘം പിടിയിലാവുകയായിരുന്നു.
കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അടിമാലി സിഐ അനിൽ ജോർജ് പറഞ്ഞു.