മാക്കൂട്ടം ചുരത്തിലെ നിരോധനം കര്‍ശനമാക്കി കര്‍ണാടകം
Sunday, March 29, 2020 12:39 AM IST
ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള സമ്പൂര്‍ണ യാത്രാനിരോധനം കര്‍ശനമായിത്തന്നെ തുടരാന്‍ കര്‍ണാടകയുടെ തീരുമാനം. ഇന്നലെ രാവിലെ കുടക് ജില്ലാ കളക്ടര്‍ പി. ആനീസ് കൺമണി ജോയിയുടെ നേതൃത്വത്തില്‍ മടിക്കേരി കളക്ടറേറ്റില്‍നടന്ന യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരോധനം ശക്തമായി തുടരാന്‍തന്നെയാണ് കർണാടക തീരുമാനം. കുടകില്‍നിന്നുള്ള രണ്ട് എംഎല്‍എമാര്‍, രണ്ട് എംഎല്‍സിമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നിരോധനം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
മാക്കൂട്ടം ചുരം വഴി ഗതാഗതം പൂര്‍ണമായും തടയാനുണ്ടായ കാരണമായി ഇവര്‍ പറയുന്നത് കുടകില്‍നിന്ന് ആരും പച്ചക്കറി ശേഖരിച്ച് വില്പനയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരുന്നില്ലെന്നും പച്ചക്കറിയും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നത് മൈസൂരുവില്നിന്നാണെന്നുമാണ്.
മൈസൂരുവില്‍നിന്ന് എച്ച്ഡി കോട്ടവഴി കേരളത്തിലെ മാനന്തവാടിയില്‍ എത്താനും തുല്യദൂരമാണ്. അതുകൊണ്ടുതന്നെ ദൂരവുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. കുടകില്‍ ഇതുവരെ ഒരാള്‍ക്കു മാത്രമാണ് രോഗം പിടിപെട്ടത്. രോഗം ഭേദമായ ഇയാള്‍ ഇന്ന് ആശുപത്രി വിടും. കുടകില്‍ നിലവില്‍ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗം പിടിപെട്ടുകഴിഞ്ഞാല്‍ ചികിത്സിക്കാന്‍ ആവശ്യമായ ആശുപത്രി സൗകര്യങ്ങൾ ജില്ലയിലില്ല. അതിനായി മൈസൂരുവിനെയോ കേരളത്തെയോ ആശ്രയിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഏറെ രോഗബാധിതരുള്ള കേരളത്തില്‍നിന്നുമുള്ള ആളുകള്‍ ഇതുവഴി യാത്രചെയ്യാന്‍ പാടില്ല. കേരളത്തില്‍നിന്നു വരുന്ന പച്ചക്കറി വാഹനത്തിൽ രണ്ടുപേരെയാണ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ അഞ്ചും ആറും പേർ ഇത്തരം ലോറികളില്‍ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇതു മനസിലായത്. ഇതിനുപുറമേ കഴിഞ്ഞദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ തൊഴിലിലേര്‍പ്പെട്ട 162 കര്‍ണാടകക്കാരായ തൊഴിലാളികളെ യാതൊരുവിധ പരിശോധനയും കൂടാതെ മാക്കൂട്ടത്തേക്ക് കടത്തിവിട്ടു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തുവന്നവരാണിവർ. പതിന്നാല് ദിവസത്തോളം നിരീക്ഷണത്തില്‍ വയ്ക്കേണ്ടവരായിരുന്നു ഇവര്‍ എന്നിരിക്കേ യാതൊരു നടപടിയും കൈക്കൊള്ളാതെയായിരുന്നു ഇവരെ കടത്തിവിട്ടതെന്നും കുടക് ജില്ലാ ഭരണകൂടം ആരോപിക്കുന്നു.
യോഗത്തില്‍ കളക്ടര്‍ ആനീസ് കൺമണി ജോയിയെ കൂടാതെ എംഎല്‍എമാരായ അപ്പാച്ചു രഞ്ജന്‍, കെ.ജി. ബൊപ്പയ്യ , എംഎല്‍സിമാരായ വീണാ അച്ചയ്യ , സുനില്‍ ബ്രഹ്മണ്യന്‍, എസ്.പി. സുമന് പലേക്കര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.