കോതമംഗലം പള്ളിത്തർക്കം: ഹർജി മാറ്റി
Friday, February 28, 2020 1:02 AM IST
കൊച്ചി: കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട അപ്പീൽ തിങ്കളാഴ്ച പരിഗണിക്കാനായി ഡിവിഷൻബെഞ്ച് മാറ്റി. തർക്കം സംബന്ധിച്ച് സർക്കാരിന്റെ പദ്ധതി അറിയിക്കാൻ അവസരം നൽകിയാണ് കോടതിയുടെ തീരുമാനം. പള്ളിയും സ്വത്തുവകകളും ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റീസ് എ.എം. ഷെഫീഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയത്.
പള്ളിയും സ്വത്തുവകകളും ഏറ്റെടുത്ത് കൈമാറാനുള്ള നിർദേശം സുപ്രീംകോടതി ഉത്തരവിൽ ഇല്ലെന്നും ഇങ്ങിനെ ചെയ്യാൻ പ്രായോഗികമായി കഴിയില്ലെന്നുമുള്ള നിലപാടാണ് വ്യാഴാഴ്ച ഹർജി പരിഗണിക്കവേ സർക്കാർ അറിയിച്ചത്.