സിപിഎം നടപടിയിൽ ദുഃഖം: താഹയുടെ ഉമ്മ
Monday, February 17, 2020 1:22 AM IST
കോഴിക്കോട്: തന്റെ മകനു പറയാനുള്ളതു കേള്‍ക്കാതെയാണു പാര്‍ട്ടി നടപടിയെടുത്തതെന്നു യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ ഉമ്മ ജമീല. നേതാക്കളാരും പുറത്താക്കിയ കാര്യം ഇതുവരെ അറിയിച്ചില്ല. വിശ്വസിച്ച് കൂടെനിന്ന പാര്‍ട്ടിയില്‍നിന്ന് ഇത്തരത്തിലുള്ള നടപടിയുണ്ടായത് ഖേദകരമാണെന്നും ജമീല മാധ്യമപ്രവര്ത്തകരോടുപറഞ്ഞു. ഏറെ വിഷമമുണ്ട്. ചെറുപ്പംമുതല്‍ കുട്ടികള്‍ വിശ്വസിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ പിന്നില്‍നിന്ന് കുത്തിയതെന്നും അവർ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് ഇരുവരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. പാര്‍ട്ടിക്കുള്ളില്‍നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇരുവരെയും പുറത്താക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.