കൃതി പുസ്തകമേള സമാപിച്ചു
Monday, February 17, 2020 1:21 AM IST
കൊച്ചി: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്) എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച കൃതി അന്താരാഷ്ട്ര പുസ്തകമേളയും വൈജ്ഞാനികോത്സവവും സമാപിച്ചു. നാലാം പതിപ്പ് 2021 ജനുവരി 22 മുതല്‍ 31 വരെ മറൈന്‍ ഡ്രൈവില്‍ത്തന്നെ അരങ്ങേറുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
രാജ്യം വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണ് കൃതിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ ഭരണഘടനയെ തുരങ്കം വയ്ക്കാനും വിഭാഗീയത വളര്‍ത്താനും ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ കൃതിക്കായെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ 11 ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പുസ്തകങ്ങള്‍ വാങ്ങാനും വിജ്ഞാനോത്സവത്തിന്റെ ഭാഗമായ പ്രഭാഷണങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കാനുമെത്തിയ ആളുകളാണു കൃതിയെ ഒരിക്കല്‍ക്കൂടി വിജയമാക്കിയത്. കുട്ടികളുടെ വന്‍തോതിലുള്ള പങ്കാളിത്തവും കൃതിയുടെ മാറ്റു കൂട്ടി.
സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഒരു കോടി 50 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ നല്കിയ 250 രൂപയുടെ പുസ്തകകൂപ്പണുകളിലൂടെ നല്‍കിയത്. ബിപിസിഎലിന്റെ സഹായത്തോടെ മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കുന്നുണ്ട്. വായന മരിക്കുന്നു എന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നു തെളിക്കുന്നതാണ് കൃതിയില്‍ കുട്ടികള്‍ കാണിച്ച ആവേശമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമായി 60,000-ത്തോളം കുട്ടികളാണു കൃതിയിലെത്തിയത്. മൊത്തം എട്ടു ലക്ഷത്തിലേറെപ്പേര്‍ കൃതി സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ഡോ തോമസ് ഐസക്, സി. രവീന്ദ്രനാഥ്, ശശി തരൂര്‍ എംപി, എം.എ. ബേബി, പന്ന്യന്‍ രവീന്ദ്രന്, എഴുത്തുകാരായ ടി. പത്മനാഭന്, എം. മുകുന്ദന്, വൈശാഖന്, ശ്രീകുമാരന്‍ തമ്പി, എന്‍.എസ്. മാധവന്, സച്ചിദാനന്ദന്, സേതു എന്നിവരെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നുമായി ജയറാം രമേഷ്, ബദ്രി നാരായണന്, വെങ്കിടാചലപതി തുടങ്ങിയവരും ഈ വര്‍ഷത്തെ കൃതിയുടെ ഭാഗമായി.