ഭ്രൂണഹത്യ നിയമ ഭേദഗതി കേന്ദ്ര സർക്കാർ പിൻവലിക്കണം: പ്രോലൈഫ് സമിതി
Thursday, January 30, 2020 12:11 AM IST
കൊച്ചി: ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. പാലാരിവട്ടം പിഒസിയിൽ ചേർന്ന നേതൃയോഗത്തിൽ കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ മുല്ലശേരി അധ്യക്ഷത വഹിച്ചു.
1971 ൽ കർശനമായ വ്യവസ്ഥകളോടെ ഇന്ത്യയിൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടനുസരിച്ച് 12 ആഴ്ച വരെയെ ഭ്രൂണഹത്യക്ക് ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് 20 ആഴ്ച വരെയാക്കി. ഇത് 24 ആഴ്ചവരെ ആക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യക്ക് അനുകൂലമായ സാഹചര്യം ഒരുക്കും. ഗർഭാവസ്ഥയിലുള്ള കുഞ്ഞും ജനിച്ച കുഞ്ഞും തമ്മിൽ പ്രാണവ്യത്യാസമില്ല. പ്രായവ്യത്യാസമേ ഉള്ളൂ. പെണ്ഭ്രൂണഹത്യക്കും ഗർഭഛിദ്രത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമാണത്തിനെതിരേ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും.
വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് കേരളത്തിലുടനീളം ജീവൻ സംരക്ഷണ സന്ദേശ റാലികൾ സംഘടിപ്പിക്കും. ജനിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നമ്മുടെ സംസ്കാരത്തിന് തന്നെ കളങ്കം ഏൽപ്പിക്കുമെന്നും യോഗം വിലയിരുത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ പോൾ മാടശേരി, പ്രസിഡന്റ് സാബു ജോസ്, അഡ്വ. ജോസി സേവ്യർ, ടോമി പ്ലാത്തോട്ടം, ജെയിംസ് ആഴ്ചങ്ങാടൻ, നാൻസി പോൾ എന്നിവർ പ്രസംഗിച്ചു.