കെസിവൈഎം ഭരണഘടന സംരക്ഷണദിനം ആചരിക്കും
Thursday, January 23, 2020 11:18 PM IST
കോട്ടയം: രാജ്യത്തിന്റെ അഖണ്ഡതയും മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കെസിവൈഎം സംസ്ഥാന സമിതി റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.
ഭരണഘടന മൂല്യങ്ങളെ തകർക്കാനുള്ള നീക്കങ്ങളെയും ഭരണഘടനക്കു വിരുദ്ധമായ പ്രവർത്തനങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ 4500 ഓളം ദേവാലയങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും പ്രതിജ്ഞ ചൊല്ലാനും ഭരണഘടന സംരക്ഷണ റാലി നടത്താനും കെസിവൈഎം സംസ്ഥാന സമിതി ആഹ്വാനംചെയ്തു.
സംസ്ഥാന കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഡയറക്്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ലിമിന ജോർജ്, ജെയ്സൻ ചക്കേടത്ത്, സെക്രട്ടറിമാരായ അബിനി പോൾ, അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജെയിൻ, സിബിൻ സാമുവൽ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ എന്നിവർ പ്രസംഗിച്ചു.