ഒൻപതു വയസുകാരിക്കു പീഡനം: പ്രതിക്ക് 20 വർഷം കഠിനതടവ്
Friday, December 13, 2019 1:27 AM IST
തൊടുപുഴ: ഒൻപതു വയസുകാരിയെ മാനഭംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ പ്രതിക്കു പത്തു വർഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. വണ്ടിപ്പെരിയാർ മഞ്ചുമല കൈപ്പള്ളിൽ മനോജിനെ(29)യാണ് തൊടുപുഴ പോക്സോ കോടതി സ്പെഷൽ ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്.
മാനഭംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും രണ്ടു വകുപ്പുകളിലായി പത്തു വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണു ശിക്ഷ. രണ്ടു കുറ്റങ്ങളിലും പിഴ അടയ്ക്കാതിരുന്നാൽ ഒരു വർഷം വീതം വീണ്ടും കഠിനതടവ് അനുഭവിക്കണം. കഠിനതടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ പത്തു വർഷമാണ് ശിക്ഷാകാലാവധി. പിഴ അടച്ചാൽ തുക അഗതിമന്ദിരത്തിൽ കഴിയുന്ന പെണ്‍കുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു.
2014 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ സുഹൃത്തായ മനോജ് പീഡിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.