പഴയത്ത് മനയ്ക്കൽ സുമേഷ് നന്പൂതിരി ഗുരുവായൂർ മേൽശാന്തി
Monday, September 16, 2019 11:44 PM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ വടക്കേനട മാഞ്ചിറ റോഡിൽ പഴയത്ത് മനയ്ക്കൽ സുമേഷ് നന്പൂതിരി (41)യെ തെരഞ്ഞെടുത്തു. ഇതു മൂന്നാംതവണയാണ് സുമേഷ് നന്പൂതിരി മേൽശാന്തിയാകുന്നത്.
2012 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും 2016 ഓക്ടോബർ മുതൽ ഏപ്രിൽ വരെയും രണ്ടുപ്രാവശ്യം സുമേഷ് നന്പൂതിരി ഇവിടെ മേൽശാന്തിയായിട്ടുണ്ട്. ഗുരുവായൂർ പഴയത്ത് മനയ്ക്കൽ സുബ്രഹ്മണ്യൻ നന്പൂതിരിയുടേയും കിരാലൂർ പുതുവായ മനയ്ക്കൽ ശ്രീദേവി അന്തർജനത്തിന്റേയും മകനാണ്.
ക്ഷേത്രത്തിൽ ഉച്ചപൂജ നടതുറന്നപ്പോൾ കൂടിക്കാഴ്ചയിൽ യോഗ്യരായ 50 പേരുടെ പേരുകൾ വെള്ളിക്കുംഭത്തിൽ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട്, ചേന്നാസ് ഹരി നന്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നമസ്കാരമണ്ഡപത്തിൽ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നന്പൂതിരി നറുക്കെടുത്തു.
30നു രാത്രി സുമേഷ് നന്പൂതിരി ചുമതലയേൽക്കും. കുന്നംകുളം ചിറ്റഞ്ഞൂർ മംഗലത്ത് മനയ്ക്കൽ സുധ അന്തർജനമാണ് ഭാര്യ. വിദ്യാർഥികളായ ഗൗതംകൃഷ്ണ, ഗൗരീകൃഷ്ണ എന്നിവർ മക്കളാണ്.