കവളപ്പാറയിൽ ഇന്നലത്തെ തെരച്ചിലും വിഫലം
Thursday, August 22, 2019 12:48 AM IST
എടക്കര: കവളപ്പാറ ദുരന്തഭൂമിയിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല. പതിനൊന്നു മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങളിലാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. തെരച്ചിൽ ആരംഭിച്ച ശേഷം രണ്ടു ദിവസം മാത്രമാണ് മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയാതിരുന്നത്.
ഉച്ചയോടെ പെയ്ത മഴ അൽപ നേരത്തേക്ക് തെരച്ചിൽ തടസപ്പെടുത്തി. വൈകിട്ട് അഞ്ചേമുക്കാലിനു തെരച്ചിൽ നിർത്തുകയും ചെയ്തു. ഇന്നും തെരച്ചിൽ തുടരും. ഇപ്പോൾ തെരച്ചിൽ നടക്കുന്ന സ്ഥലങ്ങൾക്കു പുറമെ നേരത്തെ തെരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലങ്ങളിൽ വീണ്ടും പരിശോധിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാകാത്ത സാഹചര്യമുണ്ടായാൽ ദുരന്തത്തിനിരകളായവരുടെ ബന്ധുക്കളുമായും പ്രദേശവാസികളുമായും ആലോചിച്ച് ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തിയ ശേഷം മാത്രമേ തെരച്ചിൽ അവസാനിപ്പിക്കുകയുള്ളു.
അതിനിടെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥ സംഘം ഇന്നലെ കവളപ്പാറയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകുന്നേരം വരെ എത്തിയില്ല. കവളപ്പാറ മുത്തപ്പൻകുന്ന്, തുടിമുട്ടി, കവളപ്പാറക്കുന്ന് തുടങ്ങി മേഖലയിലായിരിക്കും സംഘം പരിശോധന നടത്തുക.