വീട് നഷ്ടപ്പെട്ടവരുടെ യോഗം വിളിക്കും: മന്ത്രി
Monday, August 19, 2019 12:54 AM IST
എടക്കര: ഉരുൾപൊട്ടൽ, പ്രളയം എന്നീ ദുരന്തങ്ങളെത്തുടർന്ന് പോത്തുകൽ പഞ്ചായത്തിൽ വീടു നഷ്ടപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കുമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. വീട് മാറാൻ താത്പര്യമുള്ളവരെ പുതിയ വാസസ്ഥലം കണ്ടെത്തി മാറ്റിപ്പാർപ്പിക്കും.
അടുത്ത ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതിനു ശേഷമായിരിക്കും വീട് നഷ്ടപ്പെട്ടവരുടെ യോഗം വിളിക്കുക. ദുരിതബാധിതരുടെ താത്കാലിക പുനരധിവാസത്തിനു സർക്കാർ സ്ഥലം അന്വേഷിക്കുന്നുണ്ട്. താമസമില്ലാത്ത സർക്കാർ ക്വാർട്ടേഴ്സുകൾ ഇതിനായി പരിഗണിക്കും.
ദുരന്തസ്ഥലം സന്ദർശിച്ചശേഷം സംഭവസ്ഥലത്തുനിന്നുതന്നെ മന്ത്രി മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചു. വീട് നഷ്ടപ്പെട്ടവർ ഉൾക്കൊള്ളുന്ന ചില ക്യാന്പുകൾ നിലനിർത്തും.
നാടുകാണിച്ചുരം പാതയിൽ ഗതാഗത തടസം നേരിട്ട സാഹചര്യത്തിൽ ഗൂഡല്ലൂർ, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലേക്കു കൂടുതൽ ബസുകൾ മറ്റ് റൂട്ടുകളിലൂടെ ഓടിക്കുന്നതിന്റെ സാധ്യതകൾ ആരായും. ഇക്കാര്യം കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്യും.
രാജ്യറാണി എക്സ്പ്രസിൽ കൊച്ചുവേളിയിലെത്തുന്ന യാത്രക്കാർക്കു തിരുവനന്തപുരം മെഡിക്കൽ കോളജ്, ആർസിസി എന്നിവിടങ്ങളിലേക്കു പോകാൻ ഒരു ബസുകൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശിവശങ്കരൻ, സെക്രട്ടറി ബിജു കനകക്കുന്നിൽ, ആലീസ് മാത്യു, മജീദ് എടവണ്ണ. ബ്ലോക്ക് പ്രസിഡന്റ് ഇസ്മായിൽ എന്നിവരുമുണ്ടായിരുന്നു.