നായ കുറുകെ ചാടി; ബൈക്കിൽനിന്നു വീണ യുവാക്കൾ ബസിനടിയിൽപ്പെട്ടു മരിച്ചു
Monday, August 19, 2019 12:54 AM IST
പാലക്കാട്: ബൈക്കിനു കുറുകെ നായ ചാടിയതിനെത്തുടർന്നു റോഡിലേക്കു തെറിച്ചുവീണ യുവാക്കൾ ബസിനടിയിൽപ്പെട്ടു മരിച്ചു. കോയന്പത്തൂർ സ്വദേശികളായ കുറിച്ചിപാളയം ഭാഗ്യരാജചള്ള തിരുമൂർത്തിയുടെ മകൻ വിവേക് (20), ശരവണം പെട്ടി ഇളങ്കോ നഗർ രാമനാഥന്റെ മകൻ കൃഷ്ണകുമാർ (34) എന്നിവരാണു ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ ആറിനു വാളയാർ ആലാമരത്തിനു സമീപമായിരുന്നു അപകടം. കോയന്പത്തൂരിൽനിന്നു പല്ലശന മീൻകുളത്തിൽ ക്ഷേത്രത്തിലേക്കു ദർശനത്തിനു വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെ നായ ചാടിയതിനെത്തുടർന്നു മറിയുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ വോൾവോ ബസ് കയറിയിറങ്ങി. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.