തെരഞ്ഞെടുപ്പു ജോലി : പോലീസുകാർക്കു സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി
Thursday, May 23, 2019 12:59 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ജോലിക്ക് ഇതര സംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും സിആർപിഎഫിനോടും ആവശ്യപ്പെട്ടു.
ബിഹാറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള പോലീസുകാർക്ക് ദുരിതപൂർണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. ബിഹാറിൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പോലീസുകാർക്ക് മടങ്ങിവരാൻ ബർത്തോ സീറ്റോ ഉണ്ടായില്ല. ജനറൽ കന്പാർട്ട്മെന്റിൽ ഇതര യാത്രക്കാർക്കിടയിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ഈ ദുരിതം. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ബിഹാറിലേക്കും പോയത്.
യാത്രയ്ക്ക് ട്രെയിനിൽ പ്രത്യേക ബോഗി അനുവദിക്കണം. അതുണ്ടായില്ലെന്നു മാത്രമല്ല, സ്ലീപ്പർ ബർത്തുപോലും ഇവർക്കായി നീക്കിവയ്ക്കാൻ അധികാരികൾ തയാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ടാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും സിആർപിഎഫിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.