പോൾസ് ക്രീമറി, ഹെറിറ്റേജ് ലൂംസ് തൃശൂർ ഔട്ട്ലെറ്റുകൾ തുറന്നു
Thursday, April 24, 2025 2:39 AM IST
തൃശൂർ: പോൾസ് ക്രീമറി, ഹെറിറ്റേജ് ലൂംസ് തൃശൂർ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം നടി പ്രയാഗ മാർട്ടിൻ നിർവഹിച്ചു. കുട്ടനെല്ലൂർ റോഡിൽ ചേലക്കോട്ടുകര മാർ അപ്രേം പള്ളിക്കു സമീപം എംകെഎസ് ആർക്കേഡിലാണ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.
രുചിവൈവിധ്യവുമായി മികച്ച ഐസ്ക്രീം ഫ്ളേവറുകൾ മലയാളിക്കു പരിചയപ്പെടുത്തിയ സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായുള്ള പോൾസ് ക്രീമറി. നാലാമത്തെ ഔട്ട്ലെറ്റാണ് തൃശൂരിലേത്. ഇറ്റാലിയൻ ടെക്നോളജി ഉപയോഗിച്ചു നിർമിക്കുന്ന ജലാറ്റോ അടക്കം വിവിധ തരം ഐസ്ക്രീമുകൾ, പേസ്ട്രീസ്, സണ്ഡേസ്, ഷെയ്ക്സ്, വാഫിൾസ് തുടങ്ങി അന്പതിൽപ്പരം ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകും.
ചുരുങ്ങിയ കാലംകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രീമിയം വസ്ത്രവിപണിയിൽ മുൻനിരയിലെത്തിയ ഹെറിറ്റേജ് ലൂംസിന്റെ രണ്ടാമത്തെ ഷോറൂമാണ് തൃശൂരിൽ തുറന്നത്. സൽവാർ സ്യൂട്ട്സ്, ബനാറസ് സാരികൾ, ലിനൻസ്, ഹാൻഡ്ക്രാഫ്റ്റ്സ് ബാഗുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.
ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ ആശീർവാദം നിർവഹിച്ചു. മേയർ എം.കെ. വർഗീസ്, ദീപിക മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി, പോൾസ് ക്രീമറിയുടെ സാരഥി ജോണ് പോൾ, ഹെറിറ്റേജ് ലൂംസ് പ്രൊപ്രൈറ്ററും ജോണ് പോളിന്റെ പത്നിയുമായ സ്റ്റെഫി ജോണ് തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റെഫി ജോണും പ്രയാഗ മാർട്ടിനും ആദ്യവില്പന നിർവഹിച്ചു. കുട്ടികൾക്കായി നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയി ജോണ് ഈപ്പന് ഐപാഡ് സമ്മാനമായി നൽകി.