ഷൂട്ടൗട്ടിലൂടെ ലിവർപൂളിനെ കീഴടക്കി പിഎസ്ജി ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ
Wednesday, March 12, 2025 11:07 PM IST
ലിവർപൂൾ: ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ, ഫ്രഞ്ച് വിപ്ലംവം തീർത്ത് പാരീസ് സെന്റ് ജെർമയ്ന്റെ ഷൂട്ടൗട്ട് ജയം.
യുവേഫ ചാന്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിലെ ഏവേ പോരാട്ടത്തിൽ 1-0നു ജയിക്കുകയും തുടർന്ന് അധിക സമയത്തേക്കു നീണ്ടപ്പോൾ ഗോൾ വഴങ്ങാതിരിക്കുകയും ചെയ്ത പിഎസ്ജി, ഷൂട്ടൗട്ടിൽ 4-1ന്റെ ജയം കുറിച്ചു. അതോടെ ലിവർപൂൾ പുറത്തും പിഎസ്ജി ക്വാർട്ടർ ഫൈനലിലും.
പാരീസിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂൾ 1-0നു ജയിച്ചിരുന്നു. സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തിൽ സമനില നേടിയാൽപോലും ക്വാർട്ടറിൽ പ്രവേശിക്കാം എന്ന നിലയിലായിരുന്നു ചെന്പട. എന്നാൽ, മത്സരത്തിന്റെ 12-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ പിഎസ്ജിക്കു വേണ്ടി ഗോൾ സ്വന്തമാക്കി. തുടർന്ന് നിശ്ചിത സമയത്തു ഗോൾ പിറന്നില്ല. അതോടെ ഇരുപാദങ്ങളിലുമായി 1-1 സമനില. അതോടെ മത്സരം അധിക സമയത്തേക്ക്.
അധിക സമയത്തും സമനിലയ്ക്കു മാറ്റമുണ്ടായില്ല. അതോടെ ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ ലിവർപൂളിന്റെ ഡാർവിൻ നൂനെസ്, കർട്ടിസ് ജോണ്‍സ് എന്നിവരുടെ കിക്ക് പിഎസ്ജി ഗോൾ കീപ്പർ ജിയാൻലൂയിജി ഡോണറുമ തടഞ്ഞു.
ലിവർപൂളിന്റെ ആദ്യ കിക്കെടുത്ത മുഹമ്മദ് സലയ്ക്കു മാത്രമേ പന്ത് വലയിൽ എത്തിക്കാൻ സാധിച്ചുള്ളൂ. മറുവശത്ത് വിറ്റിഞ്ഞ, ഗോണ്‍സാലോ റാമോസ്, ഉസ്മാൻ ഡെംബെലെ, ഡെസിരെ ഡൗ എന്നിവർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.
ആദ്യപാദത്തിൽ ജയിച്ചശേഷം യൂറോപ്യൻ നോക്കൗട്ട് റൗണ്ടിൽ ലിവർപൂൾ പുറത്താകുന്നത് ഇതാദ്യം. ഇതിനു മുന്‍പ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യപാദത്തിൽ ജയിച്ചപ്പോഴെല്ലാം ലിവർപൂൾ അടുത്ത റൗണ്ടിലേക്കു മുന്നേറിയിരുന്നു. പിഎസ്ജി ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത് ഇത് എട്ടാം തവണയാണ്.
റാഫീഞ്ഞ ഡബിളിൽ ബാഴ്സ
സ്പാനിഷ് ക്ലബ് ബാഴ്സലോണ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി ബാഴ്സ 4-1നു പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയെ കീഴടക്കി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ റാഫീഞ്ഞയുടെ (11’, 42’) ഇരട്ടഗോൾ ബലത്തിൽ ബാഴ്സലോണ 3-1നു ജയിച്ചു. ലാമിൻ യമാലിന്റെ (27’) വകയായിരുന്നു മറ്റൊരു ഗോൾ.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 20+ ക്വാർട്ടർ ഫൈനൽ പ്രവേശം നടത്തിയ മൂന്നാമത് ടീമായി ബാഴ്സലോണ. റയൽ മാഡ്രിഡ്, ബയേണ്‍ മ്യൂണിക് ടീമുകളാണ് മുന്‍പ് ഈ നേട്ടത്തിൽ എത്തിയത്.
17 വർഷവും 241 ദിനവും പ്രായമുള്ള യമാൽ, ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഗോൾ നേടുകയും അസിസ്റ്റ് നടത്തുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന നേട്ടത്തിലെത്തി.
ബയേണ്‍, ഇന്റർ മിലാൻ
ജർമൻ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കും ഇറ്റാലിയൻ ടീം ഇന്റർ മിലാനും ക്വാർട്ടർ ഫൈനലിൽ. ഇന്റർ മിലാൻ ഇരുപാദങ്ങളിലുമായി 4-1നു ഫെയ്നൂർദിനെയാണ് പ്രീക്വാർട്ടറിൽ മറികടന്നത്. രണ്ടാംപാദത്തിൽ 2-1നായിരുന്നു ഇന്ററിന്റെ ജയം.
ബയേണ്‍ മ്യൂണിക് ഇരുപാദങ്ങളിലുമായി ബയേർ ലെവർകൂസെനെ 5-0നു കീഴടക്കിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. രണ്ടാംപാദത്തിൽ 2-0നു ബയേണ്‍ ജയം സ്വന്തമാക്കി. ഹാരി കെയ്ൻ (52’), അൽഫോൻസോ ഡേവിസ് (71’) എന്നിവരായിരുന്നു ബയേണിനായി ഗോൾ നേടിയത്.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 50+ ഗോൾ, അസിസ്റ്റ് ഉള്ള രണ്ടാമത് ഇംഗ്ലീഷ് കളിക്കാരൻ എന്ന നേട്ടത്തിൽ ഹാരി കെയ്ൻ എത്തി (39 ഗോളും 11 അസിസ്റ്റ്). ഡേവിഡ് ബെക്കാമാണ് (16 ഗോൾ, 36 അസിസ്റ്റ്) ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം.