എട്ടിൽ ഫിനിഷ്
Wednesday, March 12, 2025 11:07 PM IST
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2024-25 സീസണിൽ എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സീസണിലെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-1ന് ഹൈദരാബാദ് എഫ്സിയുമായി സമനിലയിൽ പിരിഞ്ഞു.
ഹൈദരാബാദിന്റെ തട്ടകത്തിൽ അരങ്ങേറിയ മത്സരത്തിൽ ഏഴാം മിനിറ്റിൽ ദുസാൻ ലഗാത്തോറിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. എന്നാൽ, 45-ാം മിനിറ്റിൽ കണ്ണൂർ സ്വദേശി സൗരവ് നേടിയ ഗോളിൽ ഹൈദരാബാദ് സമനിലയിൽ എത്തി.
ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതായിരുന്നു സൗരവിന്റെ ഫിനിഷിംഗ്. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തു ലഭിച്ച പന്ത് ബൈസിക്കിൾ കിക്കിലൂടെയായിരുന്നു സൗരവ് വലയിലാക്കിയത്.
24 മത്സരങ്ങളിൽ എട്ടു ജയവും നാലു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. 33 ഗോളുകൾ എതിർവലയിൽ നിക്ഷേപിച്ചപ്പോൾ 37 എണ്ണം വഴങ്ങി. 24 മത്സരങ്ങളിൽ 18 പോയിന്റുമായി ഹൈദരാബാദ് 12-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
പ്ലേ ഓഫിൽ ഇവർ
ഐഎസ്എൽ 2024-25 സീസണ് ലീഗ് റൗണ്ട് കേരള ബ്ലാസ്റ്റേഴ്സ് x ഹൈദരാബാദ് എഫ്സി പോരാട്ടത്തോടെ അവസാനിച്ചു. 24 മത്സരങ്ങളിൽനിന്ന് 56 പോയിന്റ് നേടിയ മോഹൻ ബഗാൻ ലീഗ് ചാന്പ്യന്മാരായി.
എഫ്സി ഗോവ (48 പോയിന്റ്), നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (38), ബംഗളൂരു എഫ്സി (38), ജംഷഡ്പുർ എഫ്സി (38), മുംബൈ സിറ്റി എഫ്സി (36) ടീമുകൾ യഥാക്രമം ആദ്യ ആറു സ്ഥാനങ്ങളിൽ ഇടം നേടി പ്ലേ ഓഫിൽ പ്രവേശിച്ചു.
ഇതിൽ ആദ്യ രണ്ടു സ്ഥാനക്കാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും എഫ്സി ഗോവയും നേരിട്ടു സെമി ഫൈനലിലേക്കു മുന്നേറി.