രോഹിത് ശർമ ഇന്ത്യയെ ഐസിസി ചാന്പ്യൻസ് ട്രോഫിയിലേക്കു നയിച്ചത് വിരമിക്കൽ മുറവിളിക്കിടെ
Tuesday, March 11, 2025 12:50 AM IST
ഐസിസി 2011 ഏകദിന ലോകകപ്പ് ടീമിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം രോഹിത് ശർമ ഏറ്റവും മാനസിക പീഡനം അനുഭവിച്ച സമയമാണ് കടന്നുപോയത്. കുടവയറനു ഫിറ്റ്നസ് ഇല്ലെന്നും വിരമിക്കാനുള്ള സമയം അതിക്രമിച്ചെന്നുമെല്ലാമുള്ള വിമർശനം വായുവിലുയർന്ന സമയത്താണ് 2025 ഐസിസി ചാന്പ്യൻസ് ട്രോഫി അരങ്ങേറുന്നത്.
വിമർശകർക്കുള്ള മറുപടിയായി ചാന്പ്യൻസ് ട്രോഫി രോഹിത് ശർമ ഇന്ത്യക്കു സമ്മാനിച്ചു. അതും ന്യൂസിലൻഡിന് എതിരായ ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിക്കൊണ്ട്. ചാന്പ്യൻസ് ട്രോഫി നേട്ടത്തിനു പിന്നാലെ തൽക്കാലം വിരമിക്കില്ലെന്നും രോഹിത് വ്യക്തമാക്കിയിട്ടുണ്ട്.
ഐസിസി ടൂർണമെന്റ് ഫൈനൽ ചരിത്രത്തിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന നാലാമതു ക്യാപ്റ്റൻ എന്ന നേട്ടവും അതോടെ മുപ്പത്തേഴുകാരനായ രോഹിത്തിനെ തേടിയെത്തി. എട്ടു മാസത്തിനിടെ രണ്ട് ഐസിസി ട്രോഫികളിലാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ മുത്തംവച്ചത്.
അസാധ്യ ക്യാപ്റ്റൻ: ഇയാൻ സ്മിത്ത്
രോഹിത് ശർമയെ അസാധ്യ ക്യാപ്റ്റനെന്നാണ് കമന്റേറ്ററും ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരവുമായ ഇയാൻ സ്മിത്ത് വിശേഷിപ്പിച്ചത്. ഐസിസി ചാന്പ്യൻസ് ട്രോഫി ഫൈനലിനുശേഷമാണ് ഇയാൻ സ്മിത്തിന്റെ അഭിപ്രായപ്രകടനം. കഴിഞ്ഞ 25 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടെ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എന്നാണ് രോഹിത്തിനെ ഇയാൻ സ്മിത്ത് വിശേഷിപ്പിച്ചത്.
ബൗളർമാരെ ഇത്ര ഫലപ്രദമായി റൊട്ടേറ്റ് ചെയ്യുന്ന മറ്റൊരു ക്യാപ്റ്റനെ ഇക്കാലത്തിനിടെ കണ്ടിട്ടില്ല. ജസ്പ്രീത് ബുംറ എന്ന സൂപ്പർ പേസർ ഇല്ലാതെയാണ് രോഹിത് ശർമ ബൗളിംഗ് നിരയെ എതിർ ടീമുകൾക്ക് എതിരേ ചാന്പ്യൻസ് ട്രോഫിയിൽ ഉപയോഗിച്ചതെന്നും ഇയാൻ സ്മിത്ത് ചൂണ്ടിക്കാണിച്ചു.
ക്രൂശിച്ച ദിനങ്ങൾ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാതിരുന്നപ്പോൾ രോഹിത് ശർമയെ ക്രൂശിക്കാൻ ആളുകൾ ഏറെയായിരുന്നു. ന്യൂസിലൻഡിന് എതിരായ ഹോം ടെസ്റ്റ് പരന്പരയിലും തുടർന്നുള്ള ഓസ്ട്രേലിയൻ പര്യടനത്തിലും രോഹിത് ശർമയായിരുന്നു വിമർശകരുടെ ഇഷ്ടതാരം.
ഓസ്ട്രേലിയൻ പര്യടനത്തിൽ അവസാന ടെസ്റ്റിൽനിന്ന് രോഹിത് ശർമയെ മാറ്റിനിർത്തുകപോലുമുണ്ടായി. തുടർന്ന് ഇന്ത്യയിൽ എത്തിയപ്പോൾ മുംബൈക്കുവേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കേണ്ടിയുംവന്നു. അവിടെയും ഫോം തെളിയിക്കാൻ രോഹിത്തിനു സാധിച്ചില്ല.
അതിനെല്ലാം ശേഷമാണ് രോഹിത് ചാന്പ്യൻസ് ട്രോഫിക്കായി ദുബായിൽ എത്തിയത്. 41, 20, 15, 28 എന്നതായിരുന്നു സെമി ഫൈനൽവരെയുള്ള രോഹിത്തിന്റെ ഇന്നിംഗ്സുകൾ. ദീർഘ ഇന്നിംഗ്സ് കളിക്കാത്തതിൽ ഫൈനലിനു മുന്‍പ് സുനിൽ ഗാവസ്കർ രോഹിത്തിനെ വിമർശിച്ചു. ഏതായാലും 83 പന്തിൽ 76 റണ്‍സ് നേടി ഫൈനലിൽ രോഹിത് താരമായി, ഇന്ത്യക്കു ചാന്പ്യൻസ് ട്രോഫി സമ്മാനിക്കുകയും ചെയ്തു.
കപ്പിലേക്കു 4 നിർണായക നീക്കങ്ങൾ
ഇന്ത്യക്ക് ഐസിസി ചാന്പ്യൻസ് ട്രോഫി സമ്മാനിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയുടെ നാലു നിർണായക നീക്കങ്ങളാണ്. രോഹിത് ശർമ- കോച്ച് ഗൗതം ഗംഭീർ സഖ്യത്തിന്റെ നീക്കങ്ങളെല്ലാം ഫലം കണ്ടെന്നതും ഇന്ത്യയുടെ പ്രകടനത്തിൽ നിർണായകമായി.
1. ശ്രേയസ് അയ്യറിനെ ടീമിൽ എടുത്തതാണ് ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ പ്രകടനത്തിൽ നിർണായകം. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ഏകദിന പരന്പര മുതൽ ശ്രേയസ് അയ്യറിനെ ടീമിൽ ഉൾപ്പെടുത്തിയതാണ്. നാലാം നന്പറിൽ ശ്രേയസ് അയ്യർ നടത്തിയ മികച്ച പ്രകടനം ഇന്ത്യയുടെ മധ്യനിരയിൽ വിശ്വാസമർപ്പിക്കാൻ കാരണമായി. ഫൈനലിൽ 48 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യർ മടങ്ങിയത്.
2. നാലു സ്പിന്നർമാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതും നിർണായക നീക്കമായി. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരായ അവസാന മത്സരം മുതലാണ് മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവർത്തി ഉൾപ്പെടെ നാലു സ്പിന്നർമാർ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചത്. 15 അംഗ ടീമിൽ അഞ്ച് (അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, വാഷിംഗ്ടണ്‍ സുന്ദർ) സ്പിന്നർമാർ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
3. ബാറ്റിംഗിൽ അഞ്ചാമനായി അക്സർ പട്ടേലിനെ ഇറക്കിയതും രോഹിത് ശർമയുടെ അപ്രതീക്ഷിത നീക്കങ്ങളിൽ ഒന്നായിരുന്നു. അഞ്ചാം നന്പറായി ഇറങ്ങിയപ്പോൾ അവസാന മൂന്ന് ഇന്നിംഗ്സിൽ 42, 27, 29 എന്നതായിരുന്നു അക്സർ പട്ടേലിന്റെ ഇന്നിംഗ്സ്.
4. കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്ററാക്കി ഫിനിഷർ റോൾ നൽകിയതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. ആറാം നന്പറിലായിരുന്നു രാഹുൽ ക്രീസിലെത്തിയത്. ചാന്പ്യൻസ് ട്രോഫിയിൽ നാല് ഇന്നിംഗ്സ് കളിച്ചതിൽ മൂന്നിലും രാഹുൽ നോട്ടൗട്ട് ആയിരുന്നു. ഫൈനലിൽ 33 പന്തിൽ 34 റണ്‍സുമായി രാഹുൽ പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു. 41*, 23, 42*, 34* എന്നതായിരുന്നു ചാന്പ്യൻസ് ട്രോഫിയിൽ രാഹുലിന്റെ പ്രകടനം.