നിർണായക ലീഡുമായി വിദർഭ
Saturday, March 1, 2025 12:03 AM IST
നാഗ്പുരില്‍നിന്ന് എ.വി. സുനില്‍ കുമാര്‍
നാഗ്പുർ: ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വീരോചിതമായ പ്രത്യാക്രമണത്തിനും ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് കേരളത്തെ എത്തിക്കാനായില്ല. നാഗ്പുരിലെ വിസികെ സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളത്തിനെതിരേ ആതിഥേയരായ വിദർഭ 37 റണ്‍സിന്റെ നിർണായകലീഡ് സ്വന്തമാക്കി. ഇനി മത്സരത്തിൽ വിജയം നേടുക മാത്രമാണ് കേരളത്തിനു രക്ഷ. സമനില ട്രോഫി വിദർഭയ്ക്കു സമ്മാനിക്കും.
മൂന്നാംദിവസം മുതൽ സ്പിന്നിനെ കൈയയച്ച് അനുകൂലിച്ചുതുടങ്ങിയ പിച്ചിൽ ഇനിയുള്ള രണ്ടു ദിവസങ്ങൾ ഇരുടീമുകൾക്കും നിർണായകമാണ്. സ്പിന്നർമാർ കേരളത്തെ വിജയവഴിയിലെത്തിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
സച്ചിൻ ബേബി പുറത്താകുന്പോൾ 7ന് 324 എന്ന നിലയിലായിരുന്ന കേരളത്തിന്റെ വാലറ്റം കാര്യമായ ചെറുത്തുനിൽപ്പില്ലാതെ വിദർഭയുടെ സ്പിൻകെണിയിൽ കറങ്ങിവീഴുകയായിരുന്നു. അവസാന 19 ഓവറുകളിൽ കേരളത്തിനു നേടാനായത് വെറും 20 റണ്‍സ് ആയിരുന്നുവെങ്കിൽ ഇതിനിടെ നാല് വിക്കറ്റും നഷ്ടമായി.
രണ്ടുദിവസങ്ങളിലായി 180 ഓവർ കളി അവശേഷിക്കുന്നതിനാൽ ആശങ്ക വേണ്ടെന്നാണ് മൂന്നാംദിവസത്തിനുശേഷം കേരള ക്യാന്പ് വിലയിരുത്തിയിരിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ അധികനേരം പിടിച്ചുനിൽക്കാൻ വിദർഭ ബാറ്റർമാർക്കു ബുദ്ധിമുട്ടാകും. ഒന്നാം ഇന്നിംഗ്സിലെ നേരിയ ലീഡ് കാര്യമാക്കേണ്ടതില്ലെന്നുമാണ് ടീമംഗങ്ങളുടെ വിലയിരുത്തൽ.
235 പന്തുകൾ നേരിട്ട് 98 റണ്‍സ് നേടിയ ക്യാപ്റ്റനും 185 പന്ത് പ്രതിരോധിച്ച ആദിത്യ സർവാതെയും ഒഴികെ ബാറ്റർമാർക്ക് കാര്യമായ പ്രതിരോധം തീർക്കാനായില്ല എന്നതാണ് കേരളത്തെ പിന്നോട്ടാക്കിയത്. 42 പന്തിൽ നിന്ന് 21 റണ്‍സ് നേടിയ മധ്യനിര താരം സൽമാൻ നിസാർ, സെമിഫൈനലിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീൻ (34) ജലജ് സക്സേന (28) ഏദൻ ആപ്പിൾ ടോം (10) എം.ഡി. നിതീഷ് (ഒന്ന്) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ മൂന്നു വിക്കറ്റിന് 131 എന്ന നിലയിൽ മൂന്നാംദിനം തുടങ്ങിയ കേരളത്തിന്റെ ബാറ്റിംഗ് 342ൽ അവസാനിക്കുകയായിരുന്നു.
തുടക്കത്തിൽ പേസർമാരായ ദർശൻ നൽകണ്ഡെയുടെയും യഷ് ഠാക്കൂറിന്റെയും കടുത്ത ആക്രമണത്തെ വിജയകരമായി അതിജീവിച്ച് സച്ചിൻ-ആദിത്യ സർവാതെ സഖ്യം മുന്നേറുകയായിരുന്നു. ഇതോടെ ഹർഷ് ദുബെയെ ഇറക്കി ക്യാപ്റ്റൻ അക്ഷയ് വഡ്കർ നടത്തിയ പരീക്ഷണം വിദർഭയ്ക്ക് അനുകൂലമായി.
അടുപ്പിച്ചു രണ്ടുതവണ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ടതോടെ പതറിയ ആദിത്യ സർവാതെ 56ാം ഓവറിൽ ഹർഷ് ദുബെയുടെ പന്തിൽ കീഴടങ്ങുകയായിരുന്നു. ബാറ്റിൽതട്ടി ഉയർന്നുപൊങ്ങിയ പന്ത് സില്ലി പോയിന്റിൽ ഡാനിഷ് മലേവാറിന്റെ കൈകളിലെത്തുകയായിരുന്നു. ഇതോടെ വിദർഭ കളിക്കാർ ആക്രമണോത്സുകരായി.
21 റണ്‍സെടുത്ത സൽമാൻ നിസാറിനെ ഹർഷ് ദുബെ എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ കേരളത്തിന് അടുത്ത ആഘാതമായി. ഉച്ചഭക്ഷണത്തിനുശേഷം ദർശൻ നൽകണ്ഡെയുടെ പന്തിൽ മുഹമ്മദ് അസഹറുദ്ദീനും പുറത്തായതോടെ കേരളം കടുത്ത പ്രതിരോധത്തിലായി. പിന്നാലെ ക്യാപ്റ്റൻ സച്ചിനും ജലജ് സക്സേനയും മടങ്ങിയതോടെ വാലറ്റത്തിലായി പ്രതീക്ഷയെങ്കിലും അത് അസ്ഥാനത്താവുകയായിരുന്നു.
നൂറിൽ തൊണ്ണൂറ്റിയെട്ടുമായി സച്ചിൻ ബേബി
വിദർഭയുദ്ധത്തിൽ കേരളത്തിനുവേണ്ടി ഒറ്റയ്ക്കു പടനയിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി ഒടുവിൽ 98 റണ്‍സിനു പുറത്ത്. എഴുപത്തിനാലു വർഷത്തെ കാത്തിരിപ്പിനുശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്നു എന്നതിനു പുറമേ ക്യാപ്റ്റന്റെ നൂറാം മത്സരം കൂടിയാണ് മൂന്നു ദിവസം പിന്നിട്ടത്.
235 പന്തുകൾ ക്ഷമയോടെ നേരിട്ട സച്ചിനു ചെറിയൊരു പിഴവിൽ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 379 സച്ചിൻ-ജലക് സഖ്യം മറികടക്കുമെന്ന പ്രതീക്ഷ ഉയർന്ന ഘട്ടത്തിൽകൂടിയായിരുന്നു വിക്കറ്റ് വീഴ്ച.
പാർഥ് രേഖയുടെ പന്ത് മിഡ് വിക്കറ്റിലേക്ക് അടിച്ച സച്ചിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. പന്ത് ഡീപ്പിലെ ഏക ഫീൽഡറായ കരുണ്‍ നായരുടെ കൈകളിൽ വിശ്രമിക്കുകയായിരുന്നു. കേരളത്തിനും സച്ചിനും ഏറെ നിരാശ സമ്മാനിച്ച നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന അവിശ്വസനീയതയോടെ ഗ്രൗണ്ടിൽ ഏതാനും നിമിഷം ഇരുന്നശേഷമാണ് താരം പുറത്തേക്കു നടന്നത്.
സർവാതെയുമൊത്ത് 63 റണ്‍സിന്റെയും തുടർന്ന് സൽമാൻ നിസാറുമായുള്ള 49 റണ്‍സിന്റെയും നിർണായ കൂട്ടുകെട്ടിൽ പങ്കാളിയായ സച്ചിൻ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് 59 റണ്‍സും എടുത്തു. പിന്നാലെ ജലജിനൊത്ത് 46 റണ്‍സുമായി മുന്നേറുന്പോഴാണ് ക്യാപ്റ്റന്റെ മടക്കം.
തൊടുപുഴ സ്വദേശിയായ സച്ചിൻ 2009-2010 സീസണിൽ ആന്ധ്രയ്ക്കെതിരേയാണ് രഞ്ജിയിൽ അരങ്ങേറിയത്. 2013ലാണ് കേരളത്തിന്റെ ക്യാപ്റ്റനായത്. 99 മത്സരങ്ങളിൽ നിന്ന് 14 സെഞ്ചുറികൾ ഉൾപ്പെടെ 5649 റണ്‍സാണ് ഇതുവരെയുള്ള സന്പാദ്യം. വലംകൈയൻ ഓഫ്സ്പിന്നറെന്ന നിലയിൽ 12 വിക്കറ്റുകളും ഉണ്ട്.
രഞ്ജിക്കു പുറമേ വിജയ് ഹസാരെ ട്രോഫിയിലും കേരളത്തെ ആദ്യമായി സെമിയിലെത്തിച്ചത് സച്ചിന്റെ നേതൃമികവാണ്. 2013ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎൽ അരങ്ങേറ്റം. മൂന്നു വർഷത്തിനുശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലേക്കു ചേക്കേറി. ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടിയാണ് ഐപിഎൽ കളിക്കുക.
1998 ഡിസംബർ 11ന് 15 വയസുകാരനായ സച്ചിൻ തെൻഡുൽക്കർ ഫസ്റ്റ്ക്ലാസ് മത്സരത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറ്റസെഞ്ചുറി കുറിച്ച് ഒരാഴ്ച പിന്നിടുന്പോഴാണ് തൊടുപുഴയിൽ ഒരു ആണ്‍കുഞ്ഞ് പിറന്നത്. കടുത്ത ക്രിക്കറ്റ് ആരാധകനായ അച്ഛൻ പി.സി. ബേബിക്കു മകന്റെ പേരിനുവേണ്ടി അധികം തലപുകയ്ക്കേണ്ടിവന്നില്ല, അങ്ങനെ അവൻ സച്ചിൻ ബേബി ആയി, കേരളത്തിന്റെ ക്യാപ്റ്റനായി, ഇപ്പോൾ നൂറു മത്സരവും തികച്ചിരിക്കുന്നു.