“ഇതു കേരളത്തിന്റെ 1983”
Monday, February 24, 2025 1:34 AM IST
നാഗ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉണര്‍ത്തുപാട്ടായി മാറിയ 1983 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനു സമാനമാണ് 2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മുന്നേറ്റമെന്നു സൂചിപ്പിച്ച് മുന്‍താരവും അമ്പയറുമായ കെ.എന്‍. അനന്തപത്മനാഭന്. കേരളത്തിന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍ എന്ന വിശേഷണം സ്വന്തമാക്കിയ അനന്തപത്മനാഭന്, നിലവില്‍ അമ്പയറാണ്.
രഞ്ജി ട്രോഫിയില്‍ വിദര്‍ഭയും മുംബൈയും തമ്മില്‍ നടന്ന സെമി ഫൈനലില്‍ ടിവി അമ്പയറായതും അനന്തപത്മനാഭന് ആയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ കീഴടക്കിയാണ് വിദര്‍ഭ രഞ്ജി ട്രോഫി ഫൈനലില്‍ ഇടംപിടിച്ചത്. ബുധനാഴ്ചയാണ് കേരളം x വിദര്‍ഭ രഞ്ജി ട്രോഫി ഫൈനല്‍.
2024-25 രഞ്ജി ട്രോഫി സീസണിലെ ഏറ്റവും ബാലന്‍സ്ഡ് ടീമാണ് വിദര്‍ഭ. അവര്‍ക്കു ശക്തമായ ബാറ്റിംഗ് ലൈനപ്പും ബൗളിംഗ് സംഘവുമുണ്ട്. ഹര്‍ഷ് ദുബെയുടെ ഇടംകൈ സ്പിന്നാണ് വിദര്‍ഭയുടെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന. മൂന്നു വിക്കറ്റ് കൂടി നേടിയാല്‍ രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബൗളര്‍ എന്ന റിക്കാര്‍ഡ് ഹര്‍ഷ് ദുബെയ്ക്കു സ്വന്തമാക്കാം.
അനന്തപത്മനാഭൻ സ്പീക്കിംഗ്
1983ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര് എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് ട്രോഫി സ്വന്തമാക്കിയതുപോലെയാണ് ഇത്തവണ രഞ്ജിയില്‍ സച്ചിന് ബേബി നയിക്കുന്ന കേരളത്തിന്റെ മുന്നേറ്റമെന്ന് അനന്തപത്മനാഭന് പറഞ്ഞു. ടൂര്‍ണമെന്റിലെ നിര്‍ണായഘട്ടങ്ങളില്‍ കേരളം പൊരുതിക്കയറിയത് അതിന്റെ തെളിവാണ്. വാലറ്റക്കാരില്നിന്നുപോലും മികച്ച ബാറ്റിംഗ് പോരാട്ടമാണ് കേരളത്തിന്റെ സവിശേഷത. സല്മാന് നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും കാഴ്ചവച്ച ബാറ്റിംഗ് പ്രശംസനീയമാണെന്നും അനന്തപത്മനാഭന് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരളം ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചത് അനന്തപത്മാനഭന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. 1994-95 സീസണിലായിരുന്നു കേരളം രഞ്ജി ട്രോഫിയുടെ നോക്കൗട്ടില്‍ ആദ്യമായി ഇടംനേടിയത്. 20 വര്‍ഷത്തിനുശേഷം ഇതാ ഇപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍ എത്തിനില്‍ക്കുന്നു.