ഷമിക്കു നാണക്കേട്
Monday, February 24, 2025 1:34 AM IST
ദുബായ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നാണക്കേടിന്റെ റിക്കാര്‍ഡ്. പാക്കിസ്ഥാന് എതിരായ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിനിടെയാണ് ഷമിയുടെ ഈ നാണക്കേട്. രാജ്യാന്തര ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എന്ന നാണക്കേടിന്റെ റിക്കാര്‍ഡിന് ഒപ്പം ഷമി എത്തി.
ന്യൂബോള്‍ ആക്രമണത്തിനു നിയോഗിക്കപ്പെട്ട ഷമി പാക്കിസ്ഥാന് ഓപ്പണര്‍ ഇമാം ഉള് ഹഖിന് എതിരേ 11 പന്ത് എറിഞ്ഞു. ലൈനും സ്വിംഗും നിയന്ത്രണവിധേയമാക്കാന്‍ വിഷമിച്ച ഷമി അഞ്ച് വൈഡ് ബോള്‍ ആദ്യ ഓവറില്‍ എറിഞ്ഞു. സഹീര്‍ ഖാന്, ഇര്ഫാന് പഠാന് എന്നിവരാണ് മുമ്പ് ഒരു ഓവറില്‍ 11 പന്ത് എറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍.