ട്രിപ്പിൾ ഹർഷിത കേരള ഹർഷം
Wednesday, February 5, 2025 12:04 AM IST
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
38-ാമത് ദേശീയ ഗെയിംസിൽ ട്രിപ്പിൾ സ്വർണത്തിളക്കത്തിൽ കേരളത്തിന്റെ അഭിമാനമായി ഹർഷിത ജയറാം. നീന്തൽക്കുളത്തിൽ ഇന്നലെ നടന്ന വനിതാ 100 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിലാണ് ഹർഷിതയുടെ മൂന്നാം സ്വർണം.
ഇതിനു പുറമേ വനിതാ വിഭാഗം വാട്ടർപോളോയിലും കേരളം സ്വർണം നേടി. 3x3 വനിതാ, പുരുഷ ബാസ്കറ്റ് ബോളിൽ കേരളം ഇരട്ടവെള്ളി നേടിയപ്പോൾ ഇന്നലെ പിറന്ന ഏക വെങ്കലം പുരുഷന്മാരുടെ വാട്ടർപോളോയിൽനിന്ന്.
ഈ ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ട്രിപ്പിൾ ഗോൾഡ് നേടുന്ന ആദ്യതാരമാണ് ഹർഷിത. നേരത്തെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും ഹർഷിത സ്വർണം നേടിയിരുന്നു.
ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ മാത്രമാണ് ഹർഷിത മത്സരിച്ചത്. ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഒരു വെങ്കലം മാത്രമായി തുടങ്ങിയ ഹർഷിത ഗോവ ദേശീയ ഗെയിംസിൽ രണ്ട് ഗോൾഡും ഒരു വെങ്കലവും സ്വന്തമാക്കി. ഇപ്പോൾ മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വർണം. റെയിൽവേ ജീവനക്കാരിയായ ഹർഷിത മാതാപിതാക്കൾക്കൊപ്പം ബംഗളൂരുവിലാണ് സ്ഥിരതാമസം.
വാട്ടർപോളോയിൽ ആധിപത്യം
വാട്ടർപോളോയിൽ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ വനിതാ ടീം സ്വർണം നേടിയത്. ഏഴിന് എതിരേ പതിനൊന്നിനായിരുന്നു കേരള ജയം. പുരുഷ ടീം വെങ്കലമെഡൽ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തിനുവേണ്ടി നടന്ന മത്സരത്തിൽ ബംഗാളിനെയാണ് പുരുഷ ടീം പരാജയപ്പെടുത്തിയത്.
ഇതോടെ അക്വാട്ടിക്സിൽനിന്നു മാത്രം അഞ്ചു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും അടക്കം ഒന്പതു മെഡൽ കേരളം സ്വന്തമാക്കി.
ദേശീയ ഗെയിംസിൽ തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തിന്റെ വനിതകൾ വാട്ടർപോളോയിൽ സ്വർണം നേടുന്നത്. ഗോവ ദേശീയ ഗെയിംസിൽ കേരളത്തിന്റെ വനിതകൾ സ്വർണം നേടിയിരുന്നു. ഗുജറാത്ത് ഗെയിംസിൽ വെങ്കലമായിരുന്നു. നിലവിലെ ദേശീയ മത്സരത്തിലെ ചാന്പ്യന്മാരും കേരളമാണ്. ദേശീയ ഗെയിംസിൽ എല്ലാ മത്സരവും വിജയിച്ചാണ് വനിതകളുടെ സ്വർണനേട്ടം. അതേസമയം, പുരുഷ വിഭാഗത്തിന് ഗോവയിൽ മെഡൽ നേടാൻ സാധിച്ചിരുന്നില്ല.
ബാസ്കറ്റിൽ ഇരട്ടവെള്ളി
3x3 ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾക്കു വെള്ളി. വനിതാ ഫൈനലിൽ ശക്തരായ തെലുങ്കാനയോട് 21-11 നാണ് കേരളം പൊരുതി വീണത്. പുരുഷ ഫൈനലിൽ അവസാന നിമിഷമാണു മധ്യപ്രദേശിനോടു കേരളം അടിയറവു പറഞ്ഞത്.
മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കേ കേരളം മുന്നിലായിരുന്നു. അവസാന മിനിറ്റിൽ ഉണർന്നുകളിച്ച മധ്യപ്രദേശ് നിശ്ചിത സമയം പിന്നിട്ടപ്പോൾ സമനില പിടിച്ചു. വിജയിയെ നിശ്ചയിക്കാൻ അധിക സമയത്തേക്കു നീങ്ങിയ മത്സരത്തിൽ ആദ്യം രണ്ട് പോയിന്റ് സ്വന്തമാക്കി മധ്യപ്രദേശ് സ്വർണം സ്വന്തമാക്കി.
അന്പെയ്ത്തിൽ ഉന്നം പിഴച്ചു
അന്പെയ്ത്തിൽ കേരള ടീം വ്യക്തിഗത ഒളിന്പിക് റൗണ്ടിൽ മത്സരിച്ചെങ്കിലും ആർക്കും ഫൈനലിലേക്കു യോഗ്യത നേടാൻ സാധിച്ചില്ല. വനിതാ വിഭാഗം ടൈം ട്രയൽ സൈക്ലിംഗിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ അലീന റെജി നാലാമതായി. 39.351 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. ആൻഡമാൻ നിക്കോബാറിന്റെ സെലെസ്റ്റിനക്കാണ് സ്വർണം. 75 കിലോഗ്രാം വിഭാഗം ബോക്സിംഗിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന അലീസ സണ്ണി പുറത്തായി.
സ്വർണത്തേരിൽ കേരളം
ഇന്നലെ ഇരട്ടസ്വർണത്തിന്റെ കരുത്തിൽ മെഡൽ പട്ടികയിൽ കേരളത്തിനു മുന്നേറ്റം. നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ കേരളം ഏഴാമതെത്തി. കഴിഞ്ഞ ദിവസം 11-ാം സ്ഥാനത്തായിരുന്നു. ഇന്നലെ രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും അടക്കം കേരളം നേടിയ അഞ്ചു മെഡലുകളാണ് പട്ടികയിലെ സ്ഥാനക്കയറ്റത്തിനു കാരണം.
എട്ടു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും അടക്കം കേരളത്തിന് 20 മെഡലായി. 53 മെഡലുകളുമായി കർണാടക ഒന്നാമത്. 28 സ്വർണവും 12 വെള്ളിയും 13 വെങ്കലവും കർണാടകയ്ക്കുണ്ട്.
രണ്ടാം സ്ഥാനത്തുള്ള സർവീസസിന് 21 സ്വർണവും 10 വെള്ളിയും ഒന്പതു വെങ്കലവും അടക്കം 40 മെഡലാണുള്ളത്. 16 സ്വർണവും 33 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 76 മെഡലുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്.