സൽമാന് കരുത്തിൽ കേരളം
Friday, January 31, 2025 1:35 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: മുൻനിര താരങ്ങൾ വേഗത്തിൽ പുറത്തായതോടെ പ്രതിരോധത്തിലായ കേരളത്തിന് ആറാമനായി ഇറങ്ങിയ സൽമാൻ നിസാറിന്റെ സെഞ്ചുറിയുടെ മികവിൽ രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരേ മികച്ച സ്കോർ.
ആദ്യ ദിനത്തെ സ്റ്റംപ് എടുത്തപ്പോൾ കേരളം ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലാണ്. 111 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന സൽമാനാണ് കേരളത്തിന്റെ സ്കോർ 300 കടത്തിയത്. 172 പന്തിൽ നിന്ന് 11 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടുന്നതാണ് സൽമാന്റെ ഇന്നിംഗ്സ്. 43 പന്തിൽ നിന്ന് 30 റണ്‍സുമായി നിധീഷ്് 30 ക്രീസിലുണ്ട്.
കാര്യവട്ടത്ത് ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്കോർ ബോർഡിൽ രണ്ടക്കം പിറക്കുന്നതിനു മുന്‍പേ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ നിന്നും മൂന്നു റണ്‍സ് മാത്രമാണ് രോഹനു നേടാനായത്. തുടർന്നെത്തിയ
ആനന്ദ് കൃഷ്ണൻ(11), ക്യാപ്റ്റൻ സച്ചിൻ ബേബി( നാല്് ) എന്നിവർ വേഗത്തിൽ പവലിയനിലേക്ക് മടങ്ങിയതോടെ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 42 റണ്‍സ് എന്ന നിലയിലായി.
അക്ഷയ് ചന്ദ്രനും ഷോണ്‍ റോജറും ചേർന്ന് കേരളാ സ്കോർ ഉയർത്തുന്നതിനിടെ 38 റണ്‍സെടുത്ത അക്ഷയ്യുടെ വിക്കറ്റ് നഷ്ടമായി. കേരളം നാലിന് 81 എന്ന നിലയിൽ. ഇവിടെനിന്നും സൽമാൻ നിസാറും ഷോണ്‍ റോജറും ചേർന്ന് കേരളത്തിന്റെ സ്കോർ ഉയർത്തി.
ഇരുവരും ചേർന്നുള്ള 89 റണ്‍സ് കൂട്ടുകെട്ട് കേരളാ സ്കോർ 170 ലെത്തിച്ചു. 59 റണ്‍സെടുത്ത ഷോണിനെ വീർ പ്രതാപ് സിംഗ് പുറത്താക്കി. തുടർന്നെത്തിയ മുഹമ്മദ് അസ്ഹറുദീനും ജലജ് സക്സേനയും ആദിത്യ സർവാതെയും രണ്ടക്കം കാണാതെ പുറത്തായി.
വാലറ്റത്ത് എം.ഡി. നിധീഷുമായുള്ള സൽമാൻ കൂട്ടുകെട്ട് ഒൻപതാം വിക്കറ്റിൽ 79 റണ്‍സ് നേടി പുറത്താകാതെ നിന്നതോടെ കേരളത്തിന്റെ സകോർ 300 കടന്നു.
ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിംഗ്, സച്ചിൻ കുമാർ സിംഗ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗുലാം റബാനി, അഭിഷേക്, ഗാനി, വൈ.പി. യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.