ജയത്തോടെ യുണൈറ്റഡ്
Saturday, February 1, 2025 12:29 AM IST
ബുക്കാറെസ്റ്റ്/ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും നേരിട്ട് പ്രീക്വാർട്ടറിൽ.
എവേ പോരാട്ടത്തിൽ യുണൈറ്റഡ്, ഡിയോഗോ ഡാലറ്റ്, കോബി മെയ്നൂ എന്നിവരുടെ ഗോളുകളിൽ എഫ്സിഎസ്ബിയെ (സ്റ്റാവ ബുക്കാറെസ്റ്റ്) എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചു.
എട്ടു കളിയിൽ അഞ്ചു ജയവും മൂന്നു സമനിലയുമായി 18 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായാണു യുണൈറ്റഡ് പ്രീക്വാർട്ടറിലെത്തിയത്. പ്രാഥമിക ഘട്ടത്തിൽ തോൽവിയറിയാത്ത ഏക ടീമും യുണൈറ്റഡാണ്.
എഫ്സിഎസ്ബി പ്ലേ ഓഫിലെത്തി
യുവ സ്കോറർമാരുടെ കരുത്തിൽ ടോട്ടൻഹാം മറുപടിയില്ലാത്ത മൂന്നു ഗോളിനു സ്വീഡിഷ് ക്ലബ് എൽഫ്സ്ബോർഗിനെ തോൽപ്പിച്ച് നാലാം സ്ഥാനക്കായി പ്രീക്വാർട്ടറിലെത്തി. യുവതാരങ്ങളായ ഡേൻ സ്കാർലറ്റ്, ഡമോല അജായി, മിക്കി മൂർ എന്നിവരാണു ഗോൾ നേടിയത്. ഇവരുടെ ആദ്യ ഗോളുകളുകളാണ്.
അവസാന മത്സരത്തിൽ സ്പോർടിംഗ് ബ്രാഗയോട് 1-0ന് തോറ്റെങ്കിലും 19 പോയിന്റുമായി ലാസിയോ ഒന്നാം സ്ഥാനക്കാരായി.
അത്ലറ്റിക് ക്ലബ് 3-1ന് വിക്ടോറിയ പ്ലസനെ തോൽപ്പിച്ച് 19 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. ഐൻട്രക്ട് ഫ്രാങ്ക്ഫർട്ട്, ലിയോണ്‍, ഒളിന്പിയാക്കസ്, റേഞ്ചേഴ്സ് ടീമുകളും നേരിട്ട് പ്രീക്വാർട്ടറിലെത്തി.
എഎസ് റോമ, എഫ്സി പോർട്ടോ, അയാക്സ്, ഗലറ്റ്സറെ ടീമുകൾ പ്ലേ ഓഫിലെത്തി.