ഇന്ത്യൻ വനിതകൾക്കു റിക്കാർഡ് ജയം
Thursday, January 16, 2025 1:07 AM IST
രാജ്കോട്ട്: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പല റിക്കാർഡുകൾ തകർന്നുവീണ ദിനത്തിനാണ് ഇന്നലെ രാജ്കോട്ട് സാക്ഷ്യംവഹിച്ചത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ, ഏറ്റവും വലിയ ജയം തുടങ്ങിയ ടീം റിക്കാർഡുകൾ കുറിച്ച് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സംഘവും തകർത്താടി.
സ്മൃതിയും (135) സഹഓപ്പണർ പ്രതീക റാവലും (154) ചേർന്നുള്ള ഓപ്പണിംഗ് സഖ്യത്തിന്റെ വിജയം കൂടിയായിരുന്നു രാജ്കോട്ടിലേത്. ഫലത്തിൽ അയർലൻഡിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ 304 റണ്‍സിന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. അതോടെ മൂന്നു മത്സര പരന്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സ്കോർ: ഇന്ത്യ 50 ഓവറിൽ 435/5. അയർലൻഡ് 31.4 ഓവറിൽ 131.
റിക്കാർഡ് റണ്‍സ്, ജയം
വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് 400 റണ്‍സ് കടക്കുന്നത്. 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 435 റണ്‍സ്. ഈ പരന്പരയിലെ രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 371 റണ്‍സ് അടിച്ചുകൂട്ടിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ റിക്കാർഡ്. റിക്കാർഡ് ടീം ടോട്ടൽ മാത്രമല്ല, റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ജയവും ഇന്ത്യ കുറിച്ചു. 31.4 ഓവറിൽ 131ന് അയർലൻഡിന്റെ പോരാട്ടം അവസാനിച്ചതോടെ 304 റണ്‍സിന്റെ കൂറ്റൻ ജയം ഇന്ത്യക്കു സ്വന്തം. 2017ൽ അയർലൻഡിന് എതിരേതന്നെ കുറിച്ച് 249 റണ്‍സ് ജയമായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 304 റണ്‍സ് ജയമെന്നത് വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ വലിയ മാർജിനിലുള്ളതുമാണ്.
44 പന്തിൽ 41 റണ്‍സ് നേടിയ ഓപ്പണർ സാറ ഫോബ്സ് ആയിരുന്നു ഐറിഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ മൂന്നും തനുജ കൻവർ രണ്ടും വിക്കറ്റ് സ്വന്തമാക്കി. സ്മൃതി, പ്രതീക എന്നിവരുടെ സെഞ്ചുറിക്കു പിന്നാലെ റിച്ച ഘോഷിന്റെ (42 പന്തിൽ 59) അർധസെഞ്ചുറിയും ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തേകി.
പ്രതീക-സ്മൃതി കൂട്ടുകെട്ട്
129 പന്തിൽ 154 റണ്‍സ് നേടിയ പ്രതീകയും 80 പന്തിൽ 135 റണ്‍സ് നേടിയ സ്മൃതി മന്ദാനയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 233 റണ്‍സ് അടിച്ചുകൂട്ടി. 2018നുശേഷം സ്മൃതി അല്ലാതെ ഇന്ത്യക്കുവേണ്ടി മറ്റൊരു ഓപ്പണിംഗ് ബാറ്റർ വനിതാ ഏകദിനത്തിൽ സെഞ്ചുറി നേടുന്നതായിരുന്നു പ്രതീകയുടെ ഇന്നിംഗ്സിലൂടെ രാജ്കോട്ടിൽ കണ്ടത്.
ഏകദിനത്തിൽ ഇന്ത്യയുടെ കരുത്തുറ്റ ഓപ്പണിംഗ് കൂട്ടുകെട്ടായി മാറുകയാണ് സ്മൃതി-പ്രതീക എന്നതും ശ്രദ്ധേയം. വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്നു മത്സര പരന്പര മുതലാണ് ഇരുവരും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായത്.
വിൻഡീസിനെതിരേ 2024 ഡിസംബർ 22നു വഡോദരയിലായിരുന്നു പ്രതീകയുടെ അരങ്ങേറ്റം. 110 (140), 110 (99), 22 (33) എന്നതായിരുന്നു വിൻഡീസിനെതിരായ മൂന്നു മത്സരങ്ങളിലും സ്മൃതി-പ്രതീക ഓപ്പണിംഗ് സഖ്യത്തിന്റെ കൂട്ടുകെട്ടുകൾ. അയർലൻഡിനെതിരേ 70 (60), 156 (114), 233 (160) എന്നിങ്ങനെയും. ഇരുവരും ഒന്നിച്ച് ഓപ്പണ്‍ ചെയ്ത ആറ് ഇന്നിംഗ്സുകളിൽ അഞ്ചിലും 50+ സ്കോർ പിറന്നു, അതിൽത്തന്നെ നാല് എണ്ണം സെഞ്ചുറി കടന്നു എന്നതും ശ്രദ്ധേയം.
അതിവേഗം സ്മൃതി മന്ദാന
വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി വേഗത്തിൽ സെഞ്ചുറി എന്ന റിക്കാർഡും സ്മൃതി സ്വന്തമാക്കി. നേരിട്ട 70-ാം പന്തിൽ സ്മൃതി സെഞ്ചുറിയിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഴിഞ്ഞ വർഷം 87 പന്തിൽ ഹർമൻപ്രീത് കൗർ നേടിയ സെഞ്ചുറി ഇതോടെ രണ്ടാം സ്ഥാനത്തായി. ഏഴു സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ സ്ഫോടനാത്മക ഇന്നിംഗ്സ്.
വനിതാ ഏകദിനത്തിൽ സ്മൃതിയുടെ 10-ാം സെഞ്ചുറിയാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറിയുടെ റിക്കാർഡ് പുതുക്കിയ സ്മൃതി, 10 സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ താരവുമായി. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറിയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തും സ്മൃതി എത്തി. മെഗ് ലാന്നിംഗ് (15), സൂസി ബേറ്റ്സ് (13) എന്നിവർ മാത്രമേ ഇന്ത്യൻ താരത്തിനു മുന്നിലുള്ളൂ. സ്ഥിരം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ സ്മൃതിയായിരുന്നു ഇന്ത്യൻ ടീമിനെ അയർലൻഡിനെതിരായ പരന്പരയിൽ നയിച്ചത്.
പ്രതീക എന്ന പ്രതീക്ഷ
ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ലോകത്തിലെ പുതിയ താരോദയം, ഇരുപത്തിനാലുകാരിയായ പ്രതീക റവാൽ. അയർലൻഡിന് എതിരായ മൂന്നു മത്സര പരന്പരയിൽ രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 310 റണ്‍സ് നേടി പ്ലെയർ ഓഫ് ദ സീരീസുമായി പ്രതീക. വനിതാ ക്രിക്കറ്റിൽ ഐസിസി ഏകദിന ലോകകപ്പ് സ്വപ്നം കാണുന്ന ഇന്ത്യയുടെ പുതുപ്രതീക്ഷയായിരിക്കുകയാണ് ഈ ഡൽഹിക്കാരി.
2024 നവംബർ 22നു വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിനത്തിലൂടെയാണ് പ്രതീക രാജ്യാന്തര ക്രിക്കറ്റിലെത്തിയത്. വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ 150-ാം കളിക്കാരിയായിരുന്നു. കഴിഞ്ഞ ആറ് ഇന്നിംഗ്സിലായി പ്രതീകയുടെ സ്കോർ ഇങ്ങനെ: 40 (69), 76 (86), 18 (23), 89 (96), 67 (61), 154 (129). വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ആറ് ഇന്നിംഗ്സുകൾക്കുശേഷം ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരവുമായി പ്രതീക.
ആറ് ഇന്നിംഗ്സിൽനിന്ന് 444 റണ്‍സാണ് പ്രതീക ഇതുവരെ അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് മുൻതാരം ഷാർലറ്റ് എഡ്വേർഡ്സിന്റെ (434) പേരിലെ റിക്കാർഡ് പ്രതീക തകർത്തു. സ്മൃതി മന്ദാനയും പ്രതീകയും ചേർന്ന് അയർലൻഡിനെതിരായ പരന്പരയിൽ ഓപ്പണിംഗ് വിക്കറ്റിൽ നേടിയത് 459 റണ്‍സ്. വനിതാ ഏകദിന ചരിത്രത്തിൽ ഒരു പരന്പരയിൽ ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും ഉയർന്ന റണ്‍ വേട്ടയാണിത്.
മനഃശാസ്ത്രത്തിൽ ബിരുദം
ക്രിക്കറ്റർമാത്രമല്ല പ്രതീക. സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ 92.5 ശതമാനം മാർക്കുമായി ജയിച്ചുകയറിയവളാണ്. തുടർന്നു ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽനിന്നു മനഃശാസ്ത്രത്തിൽ ബിരുദമെടുത്തു.
മനഃശാസ്ത്രം പഠിച്ചിട്ടുണ്ടെന്നതുതന്നെയാണ് കളിക്കളത്തിൽ പ്രതീകയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. എതിരാളികൾക്കു മുന്നിൽ തന്റെ മനഃസാന്നിധ്യം നഷ്ടപ്പെടാതിരിക്കാനും ഏതിരാളികളുടെ ചിന്താഗതി മനസിലാക്കാനും പ്രതീകയ്ക്കു സാധിക്കും. ആറാം വയസ് മുതൽ ക്രിക്കറ്റ് കളിച്ചെങ്കിലും 2021ൽ ഡൽഹിക്കുവേണ്ടി കളിച്ചാണ് പ്രതീക ആഭ്യന്തര ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്.
അന്പയറുടെ മകൾ
ബിസിസിഐ ലെവൽ രണ്ട് അന്പയറായ പ്രതീപ് റാവലിന്റെ മകളാണ് പ്രതീക. ക്രിക്കറ്റ് കളി അച്ഛനിലൂടെയാണ് പ്രതീകയിലേക്കെത്തിയതെന്നു ചുരുക്കം. റോത്തക് റോഡ് ജിംഖാന ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് കളിയുടെ പാഠങ്ങൾ ഹൃദിസ്ഥമാക്കിയത്.
ക്രിക്കറ്റ് മാത്രമല്ല, ബാസ്കറ്റ്ബോളിലും മിടുക്കിയായിരുന്നു പ്രതീക. 2019ൽ ദേശീയ സ്കൂൾ ഗെയിംസിൽ ബാസ്കറ്റ്ബോൾ സ്വർണം നേടിയ ടീമിൽ പ്രതീകയുണ്ടായിരുന്നു. ഇതാ, ഇപ്പോൾ വനിതാ ഏകദിനത്തിൽ 150+ സ്കോർ നേടുന്ന മൂന്നാമത് മാത്രം ഇന്ത്യൻ താരമായിരിക്കുകയാണ് പ്രതീക.