റാപ്പിഡ് ക്വീൻ; കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം
Monday, December 30, 2024 1:10 AM IST
ന്യൂയോർക്ക്: ലോക ചെസ് ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യൻ താരങ്ങളുടെ പടയോട്ടം തുടരുന്നു. 2024 ഫിഡെ ലോക ചാന്പ്യൻപട്ടം ഡി. ഗുകേഷ് സ്വന്തമാക്കിയതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുന്പ് മറ്റൊരു ലോക കിരീടം ഇന്ത്യയിലേക്ക്.
2024 ഫിഡെ ലോക റാപ്പിഡ് ചെസ് വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയാണ് ഇന്ത്യയിലേക്ക് ഈ വർഷത്തെ മറ്റൊരു കിരീടം എത്തിച്ചത്. ഇതോടെ 2024ൽ ഇന്ത്യക്ക് ചെസ് ഒളിന്പ്യാഡ് സ്വർണം അടക്കം മൂന്നു ലോക കിരീടങ്ങളായി.
11 റൗണ്ട് പോരാട്ടത്തിൽ 8.5 പോയിന്റ് നേടിയാണ് ആന്ധ്രപ്രദേശുകാരിയായ കൊനേരു ഹംപി ലോക റാപ്പിഡ് ചാന്പ്യൻഷിപ്പിൽ ജേതാവായത്. മുപ്പത്തേഴുകാരിയായ കൊനേരു ഹംപി ഇതു രണ്ടാം തവണയാണ് ലോക റാപ്പിഡ് ചെസ് ചാന്പ്യൻഷിപ്പിൽ ജേതാവാകുന്നതെന്നതും ശ്രദ്ധേയം. 2019ലാണ് ആദ്യമായി ഹംപി റാപ്പിഡ് ചെസിന്റെ ലോക ക്വീൻ പട്ടത്തിൽ ആദ്യമായെത്തിയത്.
2023ലെ നഷ്ടം നികത്തി
2023 ഫിഡെ ലോക റാപ്പിഡ് വനിതാ കിരീടം ടൈബ്രേക്കറിലൂടെ നഷ്ടപ്പെട്ടതിന്റെ നഷ്ടം കൊനേപു ഹംപി ഇത്തവണ നികത്തി. 2023ൽ 11 റൗണ്ട് പൂർത്തിയായപ്പോൾ കൊനേപു ഹംപിയും റഷ്യയുടെ അനസ്തസ്യ ബോഡ്നരുക്കും 8.5 പോയിന്റുമായി തുല്യതയിലായിരുന്നു. തുടർന്നു നടന്ന ടൈബ്രേക്കറിൽ ജയിച്ച് അനസ്തസ്യ ചാന്പ്യൻ പട്ടം കരസ്ഥമാക്കി.
ഇത്തവണ 10 റൗണ്ട് പൂർത്തിയായപ്പോൾ കൊനേരു ഹംപി, 11-ാം റൗണ്ടിൽ ഹംപിയുടെ എതിരാളി ഐറിൻ ഖരിഷ്മ എന്നിവരടക്കം ഏഴു കളിക്കാർ 7.5 പോയിന്റുമായി തുല്യതയിലായിരുന്നു. 11-ാം റൗണ്ടിൽ ഇന്തോനേഷ്യൻ ഗ്രാൻഡ്മാസ്റ്ററായ ഐറിൻ ഖരിഷ്മ സുഖന്ദറിനെ തോൽപ്പിച്ച് 8.5 പോയിന്റോടെ കൊനേരു ചാന്പ്യൻ പട്ടം കരസ്ഥമാക്കി.
ജീൻസ് ഇട്ട കാൾസൻ ഔട്ട്!
പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസൻ ആയിരുന്നു റാപ്പിഡ് ചെസിൽ നിലവിലെ ചാന്പ്യൻ. എന്നാൽ, 2024 ടൂർണമെന്റിന്റെ ഒന്പതാം റൗണ്ടിൽ കാൾസൻ പ്രതിഷേധിച്ച് പുറത്തുപോയി. ഡ്രസ് കോഡ് തെറ്റിച്ചതിനു പിഴ ഇട്ടതിനു പിന്നാലെയായിരുന്നു കാൾസൻ ഫിഡെ ലോക റാപ്പിഡ് ചെസ് ടൂർണമെന്റിൽനിന്നും പിന്നാലെ നടക്കേണ്ട ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പിൽനിന്നും പ്രതിഷേധിച്ച് പുറത്തുപോയത്.
ജീൻസ് ഇട്ട് മത്സരത്തിന് എത്തിയതായിരുന്നു കാൾസൻ ചെയ്ത കുറ്റം. എട്ട് റൗണ്ട് പൂർത്തിയായപ്പോൾ അഞ്ചു പോയിന്റായിരുന്നു കാൾസന്. കാൾസൻ മാത്രമല്ല, റഷ്യയുടെ ഇയാൻ നിപോംനിഷിക്കും പിഴശിക്ഷ ലഭിച്ചിരുന്നു. നിപോംനിഷി സ്പോർട്സ് ഷൂ ധരിച്ചതിനായിരുന്നു പിഴശിക്ഷ ലഭിച്ചത്.
ഏതായാലും പുരുഷ വിഭാഗം 2024 ലോക റാപ്പിഡ് ചെസ് ചാന്പ്യനായത് റഷ്യയുടെ പതിനെട്ടുകാരൻ വൊലോഡർ മുർസിനാണ്. 13 റൗണ്ട് പോരാട്ടത്തിൽ 10 പോയിന്റ് നേടിയാണ് മുൻസിൻ 2024 ഫിഡെ ലോക റാപ്പിഡ് ഓപ്പണ് വിഭാഗം ചാന്പ്യനായത്. റഷ്യക്കാരായ നിപോംനിഷിയും അലക്സാണ്ടർ ഗ്രിഷ്ചുക്കും 9.5 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു.