ഹർലിൻ ഡിയോളിനു സെഞ്ചുറി; ഇന്ത്യക്കു വൻ ജയം, പരന്പര
Wednesday, December 25, 2024 4:39 AM IST
വഡോദര: ഇന്ത്യൻ വനിതകൾക്കു കൂറ്റൻ ജയം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു 115 റണ്‍സ് ജയം. മൂന്നു മത്സരങ്ങളുടെ പരന്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
ഹർലിൻ ഡിയോളിന്റെ കന്നി ഏകദിന സെഞ്ചുറി (115) മികവിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റിന് 358 റണ്‍സ് നേടി. അർധ സെഞ്ചുറികളുമായി സ്മൃതി മന്ദാന (53), പ്രതീക റാവൽ (76), ജെമിമ റോഡ്രിഗസ് (52) എന്നിവരും തിളങ്ങി. 103 പന്ത് നേരിട്ട ഡിയോളിന്റെ ബാറ്റിൽനിന്ന് 16 ഫോറുകളാണ് പിറന്നത്.
മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് 46.2 ഓവറിൽ 243 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസ് (106) ടോപ് സ്കോറായി. പ്രിയ മിശ്ര മൂന്നും ദീപ്തി ശർമ, ടൈറ്റസ് സദ്ധു, പ്രതീക റാവൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.