ഐസിസി ചാന്പ്യൻസ് ട്രോഫി: ഇന്ത്യ-പാക്ക് മത്സരം ഫെബ്രുവരി 23ന്
Wednesday, December 25, 2024 4:39 AM IST
ദുബായി: 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടക്കും.
എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നാലു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ ന്യൂസിലൻഡും ബംഗ്ലാദേശുമാണ് മറ്റ് ടീമുകൾ. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകളാണുള്ളത്.
ഫെബ്രുവരി 19ന് കറാച്ചിയിൽ ആതിഥേയരായ പാക്കിസ്ഥാൻ-ന്യൂസിലൻഡ് പോരാട്ടത്തോടെ ടൂർണമെന്റിനു തുടക്കമാകും. മാർച്ച് ഒന്‍പതിനാണു ഫൈനൽ. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഫെബ്രുവരി 23നാണ്.
മാർച്ച് നാലിനു നടക്കുന്ന ആദ്യ സെമി ദുബായിൽ നടക്കും. രണ്ടാം സെമി കറാച്ചിയിലാണ്.
മത്സരങ്ങളെല്ലാം ഡേ-നൈറ്റാണ്. സെമി ഫൈനൽ മത്സരങ്ങൾക്കും ഫൈനൽ മത്സരത്തിനും റിസർവ് ഡേ ഉണ്ട്. ഇന്ത്യ ഫൈനലിലെത്തിയാൽ മത്സരം ദുബായിൽ നടക്കും.