ചരിത്രനേട്ടത്തിൽ കെൽട്രോൺ; വിറ്റു വരവ് 1000 കോടി കവിഞ്ഞു
Tuesday, April 8, 2025 12:01 AM IST
പി. രാജീവ് (വ്യവസായമന്ത്രി)
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന സ്ഥാപനമാണ് കെൽട്രോൺ. ഇന്ത്യയിലെ ആദ്യ കളർ ടിവി നിർമാതാക്കൾ എന്ന നിലയിൽ രാജ്യം മുഴുവൻ പെരുമ നേടി കേരളത്തിന്റെ അഭിമാനമായി കെൽട്രോൺ ഉയർന്നുവന്നു.
രൂപീകരണത്തിന്റെ 50 വർഷം പിന്നിടുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നു.
2021-22 സാമ്പത്തിക വർഷം 521.71 കോടി രൂപയായിരുന്ന വാർഷിക വിറ്റുവരവാണ് നാലു വർഷത്തിനുള്ളിൽ 1000 കോടിയിലേറെയായി ഉയർന്നത്.
തുടക്കത്തിൽ ശ്രദ്ധയൂന്നിയ ഇലക്ട്രോണിക്സ് മേഖലയ്ക്കു പുറമേ സിസ്റ്റം ഇന്റഗ്രേഷൻ, ഹാർഡ്വേർ വില്പന, സോഫ്റ്റ്വേർ ഡവലപ്മെന്റ്, നെറ്റ്വർക്കിംഗ്, നൈപുണ്യ വികസനം എന്നിങ്ങനെ വിവിധതലത്തിലുള്ളതും വൈവിധ്യപൂർണവുമായ ബിസിനസാണ് കെൽട്രോൺ ഇപ്പോൾ നടത്തിവരുന്നത്.
പ്രതിരോധം, സ്പെയ്സ്, പവർ ഇലക്ട്രോണിക്സ്, കണ്ട്രോൾ & ഇൻസ്ട്രുമെന്റേഷൻ, സൗരോർജം, ഐടി, സുരക്ഷാ നിരീക്ഷണം, എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്മെന്റ്, ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ്, സ്മാർട്ട് സിറ്റി എന്നീ മേഖലകളിലും വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. ട്രാഫിക് സിഗ്നലുകൾ, എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ശ്രവണ സഹായികൾ എന്നിവയുടെ നിർമാണ രംഗത്തും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
കൃത്യസമയത്തുള്ള ബിസിനസ് ചുവടുമാറ്റവും പ്ലാൻ ഫണ്ടുകളിലൂടെയും ബജറ്റിലൂടെയും സംസ്ഥാന സർക്കാർ അനുവദിച്ച സാമ്പത്തിക സഹായങ്ങളും കെൽട്രോണിന്റെ മുഖം മാറ്റി. പല പദ്ധതികളിലും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് പുതിയ മേഖലകളിലേക്കു കടന്നുകയറാൻ സഹായകമായി.
കെൽട്രോണിലെ ജീവനക്കാർ കമ്പനിയുടെ തിരിച്ചുവരവിനായി നടത്തിയ സഹനങ്ങളും കൂട്ടായ പരിശ്രമവും മുൻ വർഷങ്ങളിൽ വിറ്റുവരവിലും ലാഭത്തിലുമുണ്ടായ കുതിപ്പിന് ആധാരമായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ പ്ലാന്റ് പൊതുമേഖലയിൽ ആരംഭിക്കാനായതും സർക്കാരിൽനിന്നു ലഭിച്ച പിന്തുണകൊണ്ടാണ്.
കെൽട്രോൺ ഗ്രൂപ്പ് ഓഫ് കമ്പനികൾ 2021-22 സാമ്പത്തിക വർഷം 612 കോടി രൂപയുടെ വിറ്റുവരവ് നേടി. 2022-23 സാമ്പത്തിക വർഷം ഇത് 583 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തിക വർഷം 777 കോടി രൂപയുടെ വിറ്റുവരവും 2024-25 സാമ്പത്തിക വർഷം 1200 കോടി രൂപയുടെ വിറ്റുവരവും നേടിയെടുത്തു.
രാജ്യത്തെ മിക്ക നഗരങ്ങളും സ്മാർട്ട് സിറ്റി ആകുന്നതിന്റെ ഭാഗമായി പഴുതുകളില്ലാത്ത സുരക്ഷാസംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ കൊച്ചി, തിരുപ്പതി എന്നിവിടങ്ങളിൽനിന്ന് അതിനുള്ള ഓർഡറുകൾ നേടിയെടുക്കുകയും ചെയ്തു.
കെൽട്രോൺ കേരളത്തിനു പുറത്തും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂതന പദ്ധതികൾ നടപ്പാക്കി പഴയ പ്രതാപത്തിലേക്ക് എത്തിച്ചേരാനുള്ള ജൈത്രയാത്രയിലാണ്.
നാഗ്പൂർ ITMS പദ്ധതി, തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതി, FCI CCTV പദ്ധതി, ഒഡീഷ, തമിഴ്നാട് സ്മാർട്ട് ക്ലാസ് റൂം ഹൈടെക് ലാബ് പദ്ധതികൾ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ, വിദേശരാജ്യങ്ങളിലേക്കും കെൽട്രോൺ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കുന്നതിന് കെൽട്രോണിനെ സഹായിച്ച മറ്റൊരു ഘടകം അതിന്റെ പ്രഫഷണൽ നേതൃത്വമാണ്. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എൻ. നാരായണ മൂർത്തിയാണ് കെൽട്രോൺ ചെയർമാൻ. റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ എംഡിയും ടെക്നിക്കൽ ഡയറക്ടറായി എൻപിഒഎൽ മുൻ ഡയറക്ടർ ഡോ. എസ്. വിജയൻ പിള്ളയും എക്സിക്യൂട്ടീവ് ഡയറക്ടറായി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഹേമ ചന്ദ്രനും പ്രവർത്തിക്കുന്നു. വിദഗ്ധരുടെ നേതൃത്വം പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകമായി.