എൽഐസിക്ക് മൂന്നാം സ്ഥാനം
Monday, March 10, 2025 10:37 PM IST
മുംബൈ: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഇൻഷ്വറൻസ് ബ്രാൻഡ്.
ഫിനാൻസ് ഇൻഷ്വറൻസ് 100ന്റെ 2025ലെ റിപ്പോർട്ട് പ്രകാരം ബ്രാൻഡ് സ്ട്രെംഗ്ത് ഇൻഡെക്സ് (ബിഎസ്ഐ) സ്കോറിൽ 100ൽ 88 ആണ് എൽഐസിക്ക്. ബിഎസ്ഐ സ്കോറിൽ 94.4 ഉള്ള പോളണ്ട് ആസ്ഥാനമായുള്ള പിസെഡ്യു ആണ് ഒന്നാമത്.
93.5 സ്കോറുമായി ചൈന ലൈഫ് ഇൻഷ്വറൻസ് ആണ് രണ്ടാം സ്ഥാനത്ത്. മൊത്തത്തിലുള്ള ബ്രാൻഡ് മ്യൂലത്തിൽ, ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ ഇൻഷ്വറൻസ് ബ്രാൻഡുകളിൽ എൽഐസി 12-ാം സ്ഥാനത്താണ്. എസ്ബിഐ ലൈഫ് 76-ാം സ്ഥാനത്ത്. എൽഐസിയും എസ്ബിഐ ലൈഫുമാണ് ആദ്യ നൂറു റാങ്കിലുള്ള രണ്ട് ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികൾ.
ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ നൂറിലുള്ള ഇൻഷ്വറൻസ് ബ്രാൻഡുകളുടെ ബ്രാൻഡ് മൂല്യം 2025ൽ ഒന്പത് ശതമാനമാണ് വർധിച്ചത്. മെച്ചപ്പെട്ട അണ്ടർറൈറ്റിംഗ് ഫലങ്ങൾ, ഉയർന്ന നിക്ഷേപ വരുമാനം, വർധിച്ച പലിശ നിരക്കുകൾ, ഉയർന്ന ലാഭക്ഷമത എന്നിവയാണ് ഇതിനു കാരണമായത്.
വിവിധ മേഖലകളിൽ ഇൻഷ്വറൻസ് ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതോടെ മുൻനിര ഇൻഷ്വറൻസ് ബ്രാൻഡുകളുടെ വിപണി മൂലധനം ഉയർന്നു. സാന്പത്തികരംഗത്തെ കയറ്റവും പോസിറ്റീവ് വിപണി വികാരവും നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തി. അതേസമയം, തന്ത്രപരമായ ലയനങ്ങൾ, ഏറ്റെടുക്കലുകൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ വ്യവസായ വളർച്ചയെ ത്വരിതപ്പെടുത്തി.
സാന്പത്തികരംഗത്ത്, ഡിസംബർ പാദത്തിൽ എൽഐസിയുടെ സ്റ്റാൻഡ് എലോണ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വർധിച്ച് 11,056.47 കോടി രൂപയായി. മുൻ വർഷമിത് 9,444.42 കോടി രൂപയായിരുന്നു. മാനേജ്മെന്റ് ചെലവുകളിൽ, പ്രത്യേകിച്ച് ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവുകളിലുണ്ടായ ഇടിവാണ് ഈ വളർച്ചയ്ക്ക് കാരണമായത്.
സംയോജിത അടിസ്ഥാനത്തിൽ എൽഐസിയുടെ അറ്റാദായം 16 ശതമാനം വർധിച്ച് 11,009 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 9,469 കോടി രൂപയായിരുന്നു. ജീവനക്കാരുടെ നഷ്ടപരിഹാരവും ക്ഷേമ ചെലവുകളും 30 ശതമാനം കുറഞ്ഞ് 14,416 കോടി രൂപയായി.