പ്രതീക്ഷയിൽ കർഷകർ
Monday, March 10, 2025 1:11 AM IST
അമേരിക്കൻ ഭീഷണി മറികടക്കാൻ ഇന്ത്യൻ സഹായം തേടിയ ബെയ്ജിംഗിന്റെ നീക്കത്തെ ആഗോള റബർ വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഡൽഹി കൈകോർക്കാൻ ഒരുങ്ങിയാൽ റബർ കുതിക്കാം. ദക്ഷിണേന്ത്യൻ കാപ്പിയോട് യൂറോപ്യൻ രാജ്യങ്ങൾ താത്പര്യം കാണിക്കുന്നു. കുരുമുളക് വിളവെടുപ്പ് മാസാന്ത്യത്തിന് മുന്നേ പൂർത്തിയാവും, ലഭ്യത ചുരുങ്ങി, ഹോളി ഡിമാൻഡ് ഉത്പന്ന വില ഉയർത്തി. വെളിച്ചെണ്ണയുടെ ചൂട് കൊപ്രയിൽ പ്രതിഫലിക്കുന്നില്ല.
ഉറ്റുനോക്കി റബർ കർഷകർ
അമേരിക്കൻ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കാൻ തയാല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ചൈന, പ്രതിസന്ധി മറികടക്കാൻ ന്യൂഡൽഹിയുടെ സഹായം തേടി. എഷ്യൻ ശക്തികൾ ഒന്നിച്ചാൽ ചിലതെല്ലാം സംഭവിക്കാം, എന്നാൽ, അത്തരം ഒരു സംഘടിക്കൽ നടക്കുമോ? റബറിനെ സംബന്ധിച്ച് രാജ്യാന്തര ഡിമാൻഡ് ഉയരാൻ അവസരം ഒരുക്കുമെന്നത് ഇതര ഉത്പാദക രാജ്യങ്ങൾക്കും അനുകൂലമാവും.

ചൈനീസ് ടയർ വ്യവസായികൾ റബർ വിപണിയിൽ നിന്നും അകന്നത് രാജ്യാന്തര തലത്തിൽ ഷീറ്റിനെ ബാധിച്ചു. ഇന്ത്യ അടക്കമുള്ള ഉത്പാദക രാജ്യങ്ങൾ ഓഫ് സീസണിലെ വിലക്കയറ്റം മുന്നിൽ കണ്ട് ഷീറ്റിൽ പിടിമുറുക്കി. വ്യാപാര യുദ്ധ ഭീതി മൂലം ബെയ്ജിംഗ് ആസ്ഥാനമായുള്ള വ്യവസായികൾ റബർ ഷീറ്റ്, ലാറ്റക്സ് സംഭരണം കുറച്ചു. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവിൽ നിഷേപകർ ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ അവധിയിലെ പൊസിഷനുകൾ കുറച്ചു. ഓപ്പറേറ്റർമാരുടെ ചുവടുമാറ്റത്തിൽ അവധി നിരക്കുകൾ നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 348 യെന്നിലേക്കു നീങ്ങി.
തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിലെ എഴുപത് ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് സ്തംഭിച്ച തു വിലക്കയറ്റം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് കർഷകർ. എന്നാൽ, വ്യവസായികൾ തണുപ്പൻ മനോഭാവം തുടരുന്നു. വാരാന്ത്യം ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം ശക്തിപ്രാപിച്ചത് വിദേശ നിക്ഷേപകരെ വാങ്ങലുകാരാക്കാം. സംസ്ഥാനത്ത് ആർഎസ്എസ് നാലാം ഗ്രേഡ് റബർ 19,300 രൂപയിലും അഞ്ചാം ഗ്രേഡ് 19,000 രൂപയിലുമാണ്. വേനൽ കനത്തതോടെ പല ഭാഗങ്ങളിലും ടാപ്പിംഗ് സ്തംഭിച്ചതിനാൽ ഷീറ്റ് ക്ഷാമം കൂടുതൽ രൂക്ഷമാകും.
കുരുമുളകിൽ ആശങ്ക
ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പ് ഏതാണ്ട് പൂർത്തിയാവുന്നതു മുൻനിർത്തി കാർഷികമേഖല ചരക്ക് നീക്കം കുറച്ചു. കൊച്ചിയിൽ മുളക് വരവ് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് ഗണ്യമായി ചുരുങ്ങിയത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു.

വിളവെടുപ്പ് പൂർത്തിയാക്കിയവരുടെ വിലയിരുത്തലിൽ ഉത്പാദനം പകുതിയായി ചുരുങ്ങി. വിദേശ വിപണികളിലും നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഉത്പന്നം കൂടുതൽ കരുത്ത് പ്രദർശിപ്പിക്കാം. ഹോളി വേളയിലെ ബംപർ വിൽപ്പന മുന്നിൽക്കണ്ട് ഉത്തരേന്ത്യക്കാർ സംഭരണം ശക്തമാക്കി. അൺഗാർബിൾഡ് മുളക് വില 66,200 രൂപ.
ഏലക്കയിൽ ചാഞ്ചാട്ടം
ഉത്സവാഘോഷങ്ങൾ മുന്നിൽക്കണ്ട് ഏലക്ക വാരിക്കൂട്ടാൻ ആഭ്യന്തര ഇടപാടുകാർ ഉത്സാഹിച്ചു. എന്നാൽ, അതിന് അനുസൃതമായ വിധം നിരക്ക് മുന്നേറിയില്ലെന്ന് ഒരു വിഭാഗം കർഷകർ. അതേസമയം കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തെ അപേക്ഷിച്ച് ഉയർന്ന് നിൽക്കുകയാണ്.

ഗൾഫ് മേഖലയുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള കയറ്റുമതി പുരോഗമിക്കുന്നു. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2766 രൂപയിലും മികച്ചയിനങ്ങൾ 3113 രൂപയിലുമാണ്.
കാപ്പിക്ക് ഡിമാൻഡ്
കാപ്പി കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചതോടെ ഇറക്കുമതി രാജ്യങ്ങൾ ദക്ഷിണേന്ത്യൻ കാപ്പി നുകരാൻ മത്സരിക്കുന്നു. വിദേശ ഡിമാൻഡ് കണക്കിലെടുത്താൽ അറബിക്ക കാപ്പി കയറ്റുമതി കുതിച്ചുയരാം. അറബിക്കയും റോബസ്റ്റയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥ മൂലം ബ്രസീലിലും വിയറ്റ്നാമിലും വിളവ് ചുരുങ്ങിയത് ഇന്ത്യൻ മാർക്കറ്റിലേക്ക് യൂറോപ്യൻ ബയർമാരുടെ ശ്രദ്ധതിരിച്ചു. ആഗോള വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ കയറ്റുമതി വരുമാനം ഉയരാം. അതേസമയം കാലാവസ്ഥ വില്ലനായി ഇവിടെയും ഉത്പാദനം കുറവായതിനാൽ കയറ്റുമതി പത്തു ശതമാനം കുറയുമോയെന്ന ആശങ്കയുമുണ്ട്. വയനാട്ടിൽ കാപ്പിപ്പരിപ്പ് കിലോ 455 രൂപയിലും ഉണ്ടക്കാപ്പി 54 കിലോ 14,000 രൂപയിലുമാണ്. കട്ടപ്പനയിൽ റോബസ്റ്റ കുരു കിലോ 260 രൂപയിലും പരിപ്പ് 450 രൂപയിലുമാണ്.
നാളികേരോത്പന്നങ്ങൾ വീണ്ടും മുന്നേറി. പച്ചത്തേങ്ങ വരവ് ചുരുങ്ങിയതിനാൽ നിരക്ക് ഉയർത്തി കൊപ്ര ശേഖരിക്കാൻ വാങ്ങലുകാർ രംഗത്ത് ഇറങ്ങുമെന്ന നിഗമനത്തിലാണ് ഉത്പാദകർ. എന്നാൽ, വാരാന്ത്യദിനം കാങ്കയത്ത് വെളിച്ചെണ്ണ വില 200 രൂപ ഉയർന്നങ്കിലും മില്ലുകാർ കൊപ്രയ്ക്ക് കേവലം 50 രൂപ മാത്രമാണ് ഉയർത്തിയത്. മാസാരംഭ ഡിമാൻഡിന്റെ ചുവടുപിടിച്ച് കൊച്ചിയിൽ വെളിച്ചെണ്ണ ചൂടുപിടിച്ച് 22,900 ലേക്ക് ഉയർന്നു. കൊപ്ര 15,400 രൂപ.
കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. പവൻ 63,440 രൂപയിൽനിന്നും 64,480 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്ന ശേഷം 64,000ലേക്ക് ഇടിഞ്ഞെങ്കിലും ശനിയാഴ്ച 64,320 ലാണ്. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 2909 ഡോളർ.