കൂട്ടപ്പിരിച്ചുവിടൽ
Friday, March 7, 2025 12:40 AM IST
ജിയോസ്റ്റാർ 1100 ജീവനക്കാരെ പിരിച്ചുവിടുന്നു
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോസ്റ്റാർ 1100 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. 2024 നവംബറിൽ ജിയോയുടെ മാതൃകന്പനിയായ വയാകോം18നും വാൾട്ട് ഡിസ്നിയും ലയിപ്പിച്ചതിനുശേഷം ഓവർലാപ്പിംഗ് ഒഴിവാക്കാനാണ് പിരിച്ചുവിടലെന്ന് വിവധ വിവരങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു മാസം മുന്‍പ് റിപ്പോർട്ട് ചെയ്ത പിരിച്ചുവിടലുകൾ ഈ വർഷം ജൂണ്‍ വരെ തുടർന്നേക്കും. അനാവശ്യ റോളുകൾ ഇല്ലാതാക്കുന്നതിനുള്ള ലയന-പ്രേരിതമായ പുനഃക്രമീകരണത്തിന്റെ ഭാഗമായി ജൂണ്‍ 2025 വരെ നടപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസ്ട്രിബ്യൂഷൻ, ഫിനാൻസ്, കൊമേഴ്സ്യൽ, ലീഗൽ ഡിപ്പാർട്ട്മെന്റുകളിലെ കോർപറേറ്റ് സ്ഥാനങ്ങളെ പ്രാഥമികമായി ബാധിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. എൻട്രി ലെവൽ ഉദ്യോഗസ്ഥർ, സീനിയർ മാനേജർമാർ, സീനിയർ ഡയറക്ടർമാർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്മാർ എന്നിവരാകും പുറത്താക്കപ്പെടുക.
റിലയൻസിന്റെ വയാകോം18നും ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയും ലയിച്ചാണ്് ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ, വിനോദ കന്പനിയായ ജിയോ രൂപീകരിച്ചത്.
പിരിച്ചുവിടലിനു വിധേയരാകുന്ന ജീവനക്കാർക്ക് കന്പനി ഉദാരമായ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ അവരുടെ കാലാവധി അനുസരിച്ച് ആറ് മുതൽ 12 മാസത്തെ ശന്പളം വരെയുള്ള പിരിച്ചുവിടൽ പാക്കേജുകൾ ലഭിക്കും. പൂർത്തിയാക്കിയ ഓരോ വർഷത്തിനും, ജീവനക്കാർക്ക് ഒരു മാസത്തെ മുഴുവൻ ശന്പളവും കൂടാതെ ഒന്ന് മുതൽ മൂന്ന് മാസം വരെ നോട്ടീസ് പിരീഡും ലഭിക്കും.
കന്പനിയിൽ ആറ് വർഷത്തിൽ താഴെയുള്ളവർക്ക് നോട്ടീസ് പിരീഡ് പേ ഉൾപ്പെടെ കുറഞ്ഞത് ഏഴ് മാസത്തെ ശന്പളം ലഭിക്കും. കൂടുതൽ കാലാവധിയുള്ള ജീവനക്കാർക്ക് 15 മാസത്തെ നഷ്ടപരിഹാരം ലഭിക്കും. ഗ്രാറ്റുവിറ്റി യോഗ്യതയ്ക്കായി നിർബന്ധിത അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാത്ത ജീവനക്കാർക്കു പോലും പ്രോ-റേറ്റ പേഒൗട്ട് ലഭിക്കും.
പിരിച്ചുവിടലുകളെത്തുടർന്ന്, മറ്റ് മീഡിയ കന്പനികൾ പിരിച്ചുവിടപ്പെട്ട ജിയോസ്റ്റാർ ജീവനക്കാരിൽ നിന്ന് ജോലി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. അവരിൽ ചിലർ ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക പാക്കേജുകൾ ഉള്ളവരാണ്.
ലാഭം കുറഞ്ഞു; ഡിഎച്ച്എല്ലിൽ തൊഴിൽ നഷ്ടം 8000 പേർക്ക്
ജർമൻ ലോജിസ്റ്റിക് ഭീമൻ വാർഷിക പ്രവർത്തന ലാഭത്തിൽ 7.2% ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെ വൻ പിരിച്ചുവിടലിനൊരുങ്ങുന്നു. ഈ വർഷം ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ഡിഎച്ച്എൽ വ്യക്തമാക്കിയത്. ഇതിലൂടെ 2027ൽ 108 കോടി ഡോളർ ലാഭിക്കാമെന്നാണ് കന്പനി വിലയിരുത്തുന്നത്. മൊത്തം തൊഴിൽശക്തിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക. പോസ്റ്റ് ആൻഡ് പാഴ്സൽ ജർമനി ഡിവിഷനിലാണ് ഇതു നടപ്പാക്കുക.
ഒന്നിച്ചുള്ള പിരിച്ചുവിടലുകൾക്കു പകരം ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുകയെന്ന് ഡിഎച്ച്എൽ സിഇഒ ടോബിയാസ് മെയർ പറഞ്ഞു.
220 രാജ്യങ്ങളിലായി ഏകദേശം 6,02,000 പേരാണ് കന്പനിക്കായി ജോലി ചെയ്യുന്നത്. പോസ്റ്റ് ആൻഡ് പാഴ്സൽ ജർമനി യൂണിറ്റിൽ 1,90,000 പേർ ജോലി ചെയ്യുന്നുണ്ട്.
വിലക്കയറ്റം, കുറഞ്ഞുവരുന്ന ലെറ്റർ വോള്യങ്ങൾ എന്നിവ കാരണം പോസ്റ്റ് & പാഴ്സൽ ബിസിനസ് വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. എന്നിരുന്നാലും, ഡിവിഷൻ വേർതിരിക്കാൻ ഡിഎച്ച്എൽ പദ്ധതിയിടുന്നില്ലെന്ന് മേയർ പറഞ്ഞു.
വെർഡി ലേബർ യൂണിയനുമായി (ജർമൻ തൊഴിലാളി സംഘടന) ചൊവ്വാഴ്ച 5% വേതന വർധനവിനും കൂടുതൽ അവധിക്കും വേണ്ടി തയാറാക്കിയ വേതന കരാറാണ് തൊഴിൽ വെട്ടിക്കുറവിനുള്ള ഒരു കാരണമെന്ന് മേയർ പറഞ്ഞു. വെർഡി യൂണിയനുമായുള്ള കരാർ 2026 അവസാനത്തോടെ കന്പനിക്ക് 360 മില്യണ്‍ യൂറോയുടെ അധിക ബാധ്യത വരുത്തിവയ്ക്കുമെന്നാണ് സിഇഒ പറഞ്ഞത്.
വേതന കരാറാണ് പിരിച്ചുവിടലിന് കാരണമായതെന്ന് സിഇഒയുടെ പ്രസ്താവന വെർഡി യൂണിയൻ നിഷേധിച്ചു. ആസൂത്രിതമായി തൊഴിൽ വെട്ടിക്കുറവ് നടത്തുന്നതിനെ വിമർശിക്കുകയും ഇതിനെതിരേ നടപടി സ്വീകരിക്കാൻ രാഷ്ട്രീയക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
നിയന്ത്രണങ്ങളും സ്റ്റാന്പ് വില വർധനവിലുണ്ടായ അപര്യാപ്തതയുമാണ് പിരിച്ചുവിടലുകൾക്ക് കാരണമെന്ന് യൂണിയൻ കുറ്റപ്പെടുത്തി. ഡിഎച്ച്എൽ ആണ് ജർമനിയിലെ പോസ്റ്റൽ സർവീസ് കൈകാര്യം ചെയ്യുന്നത്.
യുഎസിൽ പിരിച്ചുവിടൽ ഉയരുന്നു
കഴിഞ്ഞ രണ്ട് സാന്പത്തിക മാന്ദ്യങ്ങൾക്ക് ശേഷം ഇതുവരെ കാണാത്ത തലത്തിലേക്ക് യുഎസിൽ പിരിച്ചുവിടലുകൾ കുതിച്ചുയർന്നു. ഫെഡറൽ ഗവണ്മെന്റ് തലത്തിലും വൻതോതിൽ തൊഴിൽ വെട്ടിക്കുറവുണ്ടായി. കരാറുകളുടെ റദ്ദാക്കൽ, വ്യാപാര യുദ്ധങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ പിരിച്ചുവിടൽ ഉയർത്തി.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ തൊഴിൽ വിപണിയിൽ വരുത്തിയ ആഘാതത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണിത്.
കഴിഞ്ഞ മാസം ആസൂത്രിതമായ തൊഴിൽ വെട്ടിക്കുറവുകൾ 245 ശതമാനം വർധിച്ച് 1,72,017 ആയെന്ന് ആഗോള ഒൗട്ട്പ്ലേസ്മെന്റ് സ്ഥാപനമായ ചലഞ്ചർ, ഗ്രേ & ക്രിസ്മസ് വ്യക്തമാക്കി.
2020 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. അന്ന് കോവിഡ് മഹാമാരിയെത്തുടർന്നാണ് പിരിച്ചുവിടലുകളുണ്ടായത്. 16 വർഷം മുന്‍പത്തെ (2009) മഹാമാന്ദ്യത്തിന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വെട്ടിക്കുറയ്ക്കലാണ് ഇത്.
2025ലെ ആദ്യ രണ്ട് മാസങ്ങളിൽ ഏകദേശം 2,22,000 തൊഴിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചത്. മഹാ മാന്ദ്യകാലത്തിനുശേഷം ഒരു വർഷത്തിന്റെ തുടക്കത്തിടെ ഉയർന്ന നിരക്കാണ്.
ചലഞ്ചർ റിപ്പോർട്ട് പ്രകാരം, ഗവൺമെന്റ് തലത്തിലാണ് ഉയർന്ന പിരിച്ചുവിടലുകൾ നടന്നത്. 17 വ്യത്യസ്ത ഏജൻസികളിൽനിന്ന് ഫെഡറൽ സർക്കാർ 62,242 തൊഴിൽ വെട്ടിക്കുറവുകൾ രേഖപ്പെടു ത്തിയിട്ടുണ്ട്.
വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ സർക്കാർ ഏകദേശം 62,530 തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41,311 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്.