ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഉയരുന്നു
Wednesday, March 5, 2025 11:34 PM IST
മുംബൈ: 10 മില്യണ്‍ യുഎസ് ഡോളറിലധികം ആസ്തിയുള്ള ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസ് (എച്ച്എൻഡബ്ല്യുഐ) കളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യ. 2024ൽ എച്ച്എൻഡബ്ല്യുഐകൾ ഇന്ത്യയിൽ ആറു ശതമാനം ഉയർന്ന് 85,698 പേരായി.
പ്രോപ്പർട്ടി കണ്‍സൾട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്റെ ഏറ്റവും പുതിയ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്. യുഎസ്, ചൈന, ജപ്പാൻ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
എച്ച്എൻഡബ്ല്യുഐകളുടെ എണ്ണം 2024ൽ ആഗോളതലത്തിൽ 4.4 ശതമാനം ഉയർന്നു. മുൻ വർഷത്തെ 2,243,300 പേരിൽനിന്ന് 2,341,378 പേരിലെത്തി. 100 മില്യണ്‍ യുഎസ് ഡോളറിലധികം ആസ്തിയുള്ളവരുടെ അൾട്രാ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസ് (യുഎച്ച്എൻഡബ്ല്യുഐ) എണ്ണം ആദ്യമായി 1,00,000 കവിഞ്ഞു.
ആഗോള എച്ച്എൻഡബ്ല്യുഐകളിൽ 38.7% യുഎസിലാണ്. 9,05,413 പേരാണ് യുഎസിലെ എച്ച്എൻഡബ്ല്യഐകൾ. ഈ കണക്കിൽ 4,71,634 പേരുമായി 20.1 ശതമാനമുള്ള ചൈനയാണ് രണ്ടാമത്. 1,22,119 പേരുമായി 5.2 ശതമാനത്തിലുള്ള ജപ്പാൻ മൂന്നാം സ്ഥാനത്തും. എച്ച്എൻഡബ്ല്യുഐകളുടെ എണ്ണത്തിൽ 2024ൽ 3.7 ശതമാനത്തിലെത്തിയ ഇന്ത്യയാണ് ശ്രദ്ധേയമായ വളർച്ച കൈവരിച്ചത്. രാജ്യത്തിന്റെ ശക്തമായ ദീർഘകാല സാന്പത്തിക വളർച്ച, വർധിച്ചുവരുന്ന നിക്ഷേപ അവസരങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന ആഡംബര വിപണി എന്നിവയാണ് ആഗോള സന്പത്ത് സൃഷ്ടിക്കുന്നതിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി ഉയർത്തുന്നത്.
2024ൽ, എച്ച്എൻഡബ്ല്യുഐകളുടെ എണ്ണത്തിൽ 5.2% വർധനയാണ് യുഎസിലുണ്ടായത്. ഏഷ്യ അഞ്ചു ശതമാനം നിരക്കിൽ വളർന്നു. അതേസമയം ചെറിയ അടിത്തറയിൽ നിന്നാണെങ്കിലും ആഫ്രിക്ക 4.7% ഉയർന്നു. ഓസ്ട്രലേഷ്യ മേഖലയിലെ എച്ച്എൻഡബ്ല്യുഐകൾ 3.9% വർധിച്ചു. മിഡിൽ ഈസ്റ്റിൽ 2.7 ശതമാനത്തിന്റെയും ലാറ്റിൻ അമേരിക്കയിൽ 1.5 ശതമാനത്തിന്റെയും യൂറോപ്പിൽ 1.4 ശതമാനത്തിന്റെയും വളർച്ചയാണുണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ വളർച്ച
2023ൽ ഇന്ത്യയിൽ എച്ച്എൻഡബ്ല്യുഐ 80,686 പേരായായിരുന്നു. 2028ലെത്തുന്പോൾ 93,753 എണ്ണമാകുമെന്നാണ് കരുതുന്നത്. ഇന്ത്യ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ 2024ൽ 12 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതോടെ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 191ലെത്തി. ഇതിലേക്ക് 26 പേരാണ് കഴിഞ്ഞ വർഷം ചേർന്നത്. 2019ൽ ഏഴുപേർ ഉണ്ടായിടത്തുനിന്നാണ് ഈ വളർച്ച.
ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ മൊത്തം സന്പത്ത് 950 ബില്യണ്‍ ഡോളറാണ്. 5.7 ട്രില്യണ്‍ ഡോളറുള്ള യുഎസ് ഒന്നാമതും 1.34 ട്രില്യണുള്ള ചൈന രണ്ടാമതുമാണ്.
ഫ്രാൻസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലും ശതകോടീശ്വരനമാരുടെ എണ്ണം ഉയർന്നു.